
കോട്ടയം : പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും രാഷ്ട്രീയ പോരിന് ശമനമില്ല. വോട്ടെടുപ്പ് ദിനം ഉമ്മൻചാണ്ടിയുടെ ചികിത്സാവിവാദം ഉയർത്തിയ സിപിഎം, ഏറ്റവും ഒടുവിൽ 'വോട്ട് വാങ്ങൽ' ആരോപമാണ് ഉയർത്തുന്നത്. ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയിക്കുന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. മണ്ഡലത്തിൽ ബിജെപിക്ക് 19000 ത്തോളം വോട്ടുണ്ട്. ബിജെപി വോട്ടില്ലാതെ ചാണ്ടി ഉമ്മന് പുതുപ്പള്ളിയിൽ ജയിക്കാനാകില്ല. ആ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയിക്കുന്നു. കൌണ്ടിംഗിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളു. ആര് ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കും. ബൂത്തുകളിൽ വോട്ടിംഗ് വൈകിപ്പിച്ചെന്നത് യുഡിഎഫിന്റെയും ചാണ്ടി ഉമ്മന്റെയും ആരോപണം മാത്രമാണെന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
പുതുപ്പള്ളിയിൽ പോളിംഗ് കുറഞ്ഞെങ്കിലും ആത്മ വിശ്വാസത്തോടെയാണ് മുന്നണികളുടെ പ്രതികരണം. വിജയം ഉറപ്പെന്ന് ആവർത്തിക്കുന്ന യുഡിഎഫ്, നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടുന്നു. എന്നാൽ അതേ സമയം തന്നെ പോളിംഗ് വെട്ടികുറയ്ക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശ്രമം നടന്നുവെന്ന ആരോപണവും കോൺഗ്രസ് ഉയർത്തുന്നുണ്ട്. വൈകിപ്പിക്കാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം ലഭിച്ചുവെന്നും സിപിഎം നടപടിക്ക് പിന്നിൽ പരാജയഭീതിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ഇതേ ആരോപണമാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും ഉയർത്തുന്നത്. എന്നാൽ ആരോപണം പാടെ തള്ളുകയാണ് സിപിഎം. കളക്ടറടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയതാണെന്നാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്.
പുതുപ്പളളി ഭൂരിപക്ഷത്തെച്ചൊല്ലി തർക്കം; എറണാകുളം കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു
പുതുപ്പളളി തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തെച്ചൊല്ലിയുളള തർക്കത്തിൽ എറണാകുളം കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു. പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊതിയക്കര കവലയിൽ ഇന്നു രാവിലെയാണ് സംഭവം ഉണ്ടായത്. പുതുപ്പിളളി ഉപതെരഞ്ഞെടുപ്പിലെ വിജയിക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തെക്കുറിച്ച് ഇരുവരും തമ്മിൽ ഇന്നലെ വാക്കുതർക്കം നടന്നിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam