
കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ എംസി കമറുദ്ദീൻ എംഎൽഎയുടെ രാജി ആവശ്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് മുസ്‌ലിം ലീഗാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. തട്ടിപ്പ് കേസിൽ അറസ്റ്റിലായ കമറുദ്ദീനെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിനില്ല. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പാണ് അറസ്റ്റുണ്ടായത്. എന്നാൽ നിയമ നടപടിയെ എതിർക്കില്ലെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കമറുദ്ദീനെതിരായ കേസ് ലീഗ് തീരുമാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളുടേയും ഉത്തരവാദി ജ്വല്ലറി എംഡി പൂക്കോയ തങ്ങളാണെന്ന് എംസി കമറുദ്ദീൻ എംഎൽഎയുടെ മൊഴി. ജ്വല്ലറി ചെയർമാനെന്ന പദവി രേഖയിൽ മാത്രമാണെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും എംഎൽഎ മൊഴി നൽകി. എന്നാൽ എംസി കമറുദ്ദീനും പൂക്കോയതങ്ങളും ആസൂത്രിത വഞ്ചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഭൂരിഭാഗം പേരിൽ നിന്നും നിക്ഷേപം വാങ്ങിയത് നിയമവിരുദ്ധമായാണെന്നും വഞ്ചനക്ക് കൃത്യമായ തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ പൂക്കോയ തങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam