K Rail : സർവേ കല്ലുകൾ പിഴുതെറിയും, സ്ഥിരം സമരവേദികൾ, വ്യാപക സമരത്തിന് യുഡിഎഫ്

Published : Jan 05, 2022, 02:46 PM ISTUpdated : Jan 05, 2022, 02:52 PM IST
K Rail : സർവേ കല്ലുകൾ പിഴുതെറിയും, സ്ഥിരം സമരവേദികൾ, വ്യാപക സമരത്തിന് യുഡിഎഫ്

Synopsis

സിൽവർ ലൈൻ പദ്ധതി ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭ ചേരണം എന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. സംസ്ഥാനവ്യാപക സമരത്തിന് സംസ്ഥാനതലത്തിലെ തന്നെ ഉന്നത നേതാക്കൾ നേതൃത്വം നൽകും. കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലായി സ്ഥിരം സമരവേദികളുണ്ടാകും. 

തിരുവനന്തപുരം: കെ റയിൽ വഴി നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിന്‍റെ സ്വപ്ന പദ്ധതി സിൽവർ ലൈനിനെതിരെ സംസ്ഥാനവ്യാപകസമരത്തിന് യുഡിഎഫ്. സിൽവർ ലൈൻ പദ്ധതി ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭ ചേരണം എന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. സംസ്ഥാനവ്യാപക സമരത്തിന് സംസ്ഥാനതലത്തിലെ തന്നെ ഉന്നത നേതാക്കൾ നേതൃത്വം നൽകും. കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലായി സ്ഥിരം സമരവേദികളുണ്ടാകും. സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകൾ പിഴുതെറിയുമെന്നും യുഡിഎഫ് സംയുക്തമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സമരപരിപാടികളാലോചിക്കാൻ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. 

അതേസമയം, സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ തിടുക്കമെന്തിനാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ചോദിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട മുഖ്യമന്ത്രി കോർപ്പറേറ്റ് പദ്ധതി കൊണ്ടുവരുന്നത് സംശയാസ്പദമാണ്. ജനം ഇതിനെ എതിർക്കും. ആരും വികസനവിരോധികളല്ല. ജനങ്ങളുടെ സമരമാണിത്. നന്ദിഗ്രാമിൽ കണ്ടതും കർഷകസമരത്തിൽ കണ്ടതും കേരളത്തിൽ ആവർത്തിക്കും. അവസരവാദം ആരെ സഹായിക്കാനാണെന്ന് കെ സി വേണുഗോപാൽ ചോദിക്കുന്നു. 

അതിരു കല്ലുകൾ പിഴുതു മാറ്റിയതുകൊണ്ടുമാത്രം ഒരു പദ്ധതിയും ഇല്ലാതാകില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. കല്ല് പിഴുതുമാറ്റുന്നവർ ശക്തമായ നിയമ നടപടി നേരിടേണ്ടി വരും. ഇത്തരം നടപടികളിൽ നിന്ന് യുഡിഎഫ് പിന്മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

യുദ്ധം ചെയ്യാനുള്ള കെൽപ്പൊന്നും കേരളത്തിലെ കോൺഗ്രസിനില്ലെന്നാണ് കോടിയേരി പരിഹസിക്കുന്നത്. യുദ്ധം ചെയ്യാനുള്ള സന്നാഹമൊരുക്കുമെന്ന് പറയുന്നത് വെറും വീരസ്യം പറച്ചിൽ മാത്രമാണ്. കല്ലുകൾ പിഴുതുമാറ്റിയാൽ സർക്കാർ നിയമനടപടിയെടുക്കുമെന്നും ഇന്നലെ കല്ല് പിഴുത് സമരം പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് മറുപടിയായി കോടിയേരി പറഞ്ഞു.

അതിവേഗപാത കേരളത്തെ രണ്ടായി മുറിക്കില്ലെന്നും പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ഇന്നലെ മുതൽ തിരുവനന്തപുരത്ത് വിശദീകരണയോഗങ്ങൾ തുടങ്ങിവച്ചിരുന്നു. നാളെ കൊച്ചിയിലാണ് രണ്ടാം വിശദീകരണയോഗം. പൗരപ്രമുഖരെയും ജനപ്രതിനിധികളെയും മറ്റ് വിദഗ്ധരെയും അടക്കം അണിനിരത്തിയാണ് യോഗം. മന്ത്രി പി രാജീവും കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. എന്നാൽ കെ റെയിൽ ആണോ കേരളമാണോ വേണ്ടെതെന്ന ചോദ്യമുയർത്തി പ്രതിപക്ഷനേതാവ് എതിർപ്പ് ആവർത്തിക്കുകയാണ്. സിൽവർലൈനിലെ ചോദ്യങ്ങൾക്കും യുഡിഎഫ് മുന്നോട്ട് വെച്ച ബദൽ പദ്ധതിയിലും മുഖ്യമന്ത്രി പ്രതികരിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. 

കേന്ദ്രാനുമതിയിൽ തീരുമാനമായില്ല, പ്രതിഷേധം ശക്തവുമാണ്. പക്ഷെ കുലുക്കമില്ലാതെ സർക്കാർ സിൽവർലൈനിൽ അതിവേഗമാണ് കാര്യങ്ങൾ നീക്കുന്നത്. 2025-ൽ പദ്ധതി തീർക്കും. രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കും. പിന്നീട് മൂന്ന് വർഷം കൊണ്ട്  നിർമ്മാണം നടത്തും. അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ പലിശയിൽ വായ്പ തരപ്പെടുത്തും. നിർമ്മാണ ഘട്ടത്തിൽ അൻപതിനായിരം പേർക്ക് തൊഴിൽ നൽകും. പദ്ധതി തുടങ്ങിയാൽ 11,000 പേർക്ക് തൊഴിൽ. ഇതാണ് സർക്കാർ വാഗ്ദാനം. എന്നാൽ പാരിസ്ഥിതിക പഠനം തീരും മുമ്പേ പദ്ധതിയുടെ ഗുണമേന്മയെക്കുറിച്ച് എങ്ങിനെ മുഖ്യമന്ത്രിക്ക് പറയാനാകുമെന്നാണ് പ്രതിപക്ഷചോദ്യം. മഹാപ്രളയങ്ങൾക്ക് ശേഷമുള്ള കേരളത്തിലെ സവിശേഷ സാഹചര്യം പഠിക്കാതെയാണ് പദ്ധതി തയ്യാറാക്കിയത്. സർവ്വ മേഖലയിലും കേരളത്തെ തകർക്കുമെന്നാണ് യുഡിഎഫ് നിലപാട്. 

ചൂടേറുന്ന രാഷ്ട്രീയവിഷയമായി സിൽവർലൈൻ മാറുമ്പോൾ അതിവേഗ പാതയിലെ ഇനിയുള്ള ഓരോ നീക്കങ്ങളും വലിയ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും നയിക്കും. കേന്ദ്രാനുമതിയാണ് ഇനി ഏറ്റവും പ്രധാനം. സംസ്ഥാന ബിജെപി എതിരാണെങ്കിലും വൻകിട വികസനപദ്ധതികളെ പിന്തുണക്കുന്നതാണ് മോദി സർക്കാരിന്‍റെ ലൈൻ.  അനുമതി തള്ളിയാൽ കോൺഗ്രസ് - ബിജെപി ഒത്തുകളിച്ച് വികസനം അട്ടിമറിച്ചെന്ന് പ്രചാരണം നടത്താനാണ് ഇടത് ആലോചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും