
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനം പാളിയെന്നും നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാദിനം ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ, പരസ്യകോലാഹലങ്ങള്‍ക്കു ഇടം കൊടുത്ത സര്‍ക്കാര്‍ പ്രതിസന്ധിഘട്ടത്തില്‍ ഒന്നും ചെയ്യാനാവാതെ നട്ടം തിരിയുന്ന കാഴ്ച കാണേണ്ടി വന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കൊവിഡ് രോഗികളെ പുഴുവരിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിലെ ഡ്രൈവര്‍ കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒരു ഡോക്ടര്‍ക്ക് കൊാവിഡ് രോഗികളുടെ ജീവനെടുക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് മാധ്യമങ്ങളുടെ മുന്നില്‍ തുറന്ന് പറഞ്ഞ് പൊട്ടിക്കരയേണ്ടി വന്നെന്നും ചെന്നിത്തല ആരോപിച്ചു.
പൊലീസിനെ ഉപയോഗിച്ചല്ല കൊവിഡിനെ നേരിടേണ്ടത്. ആരോഗ്യവിദഗ്ധര്‍ ചെയ്യേണ്ട ജോലിയാണത്. കൊവിഡ് നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. വ്യാജപ്രചാരണങ്ങളില്‍ അഭിരമിക്കാതെ സര്‍ക്കാര്‍ സത്യസന്ധമായി ഇടപെട്ടിരുന്നുവെങ്കില്‍ ഈ ദുരിതം വലിയൊരു അളവ് വരെ കുറയ്ക്കാമായിരുന്നുവെന്നും രോഗത്തെപ്പോലും പരസ്യപ്രചാരണത്തിനുപയോഗിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ നവംബര്‍ 1ന് യുഡിഎഫ് വഞ്ചനാദിനം ആചരിക്കുമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ ശബരിമലയില്‍ വിശ്വാസികളെ വഞ്ചിച്ചതിന് നവംബര്‍ ഒന്നിന് വഞ്ചാനദിനമായി ആചരിക്കുമെന്നും ചെന്നിത്തല അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam