ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്: യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും

Published : Jan 25, 2022, 05:26 PM IST
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്: യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും

Synopsis

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന വിധത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കരുതെന്ന ആവശ്യവുമായി യുഡിഎഫ്. മുന്നണിയുടെ പ്രതിനിധി സംഘം ഇതുമായി ബന്ധപ്പെട്ട് ഗവർണറെ കാണും. ജനുവരി 27 വ്യാഴാഴ്ച രാവിലെ യുഡിഎഫ് സംഘം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യുഡിഎഫ് തീരുമാനിച്ചത്.

ലോകായുക്തക്ക് പൂട്ടിടാൻ സർക്കാർ

ലോകായുക്തയുടെ(lokayukta)  അധികാരം കവരും വിധത്തിൽ നിയമ നിർമാണം(amendment of the law) നടത്താനാണ് രണ്ടാം പിണറായി വിജയൻ സർക്കാർ (Pinarayi Vijayan Government) നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് മാത്രമാകും. 

ലോകായുക്ത ജഡ്ജിയുടെ യോഗ്യതയിലും ഇളവ്

ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാനുള്ള നിർദ്ദേശം ഭേദഗതിയിലുണ്ട്. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയാണ് ലോകായുക്‌ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദ​ഗതി അം​ഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്തയാകാൻ കഴിയുക.

ചർച്ച തുടങ്ങിയത് 2020 ൽ

ലോകായുക്ത ഭേദഗതി ചർച്ചകൾ തുടങ്ങിയത് 2020 ഡിസംബറിലാണ്. ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നായിരുന്നു. ആഭ്യന്തര വകുപ്പ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറുകയായിരുന്നു.

മുഖ്യമന്ത്രിക്കെതിരായ പരാതി

ലോകായുക്തയുടെ പൂട്ടാനുള്ള സർക്കാർ നീക്കം മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദു വിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കേയാണ്. ദുരിതാശ്വാസ നിധി തുക വകമാറ്റിയെന്ന പരാതിയാണ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ളത്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻറെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നൽകി, അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്‌പ അടക്കാനും സ്വർണ്ണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകൾ. 

കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ​ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ കേസ് വന്നത്. 

കെടി ജലീലിന്റെ രാജി

ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല. മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ഉത്തരവുകൾ പുറപ്പെടുവിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോൾ സർക്കാർ നീക്കം നടത്തുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ നിന്നുള്ള മാലിന്യം നിറച്ച് ട്രക്ക് തമിഴ്നാട്ടിലേക്ക്, മുല്ലപ്പെരിയാറിന് ചേര്‍ന്ന് സ്ഥലങ്ങളിൽ കയ്യോടെ പിടികൂടി തമിഴ്നാട് പൊലീസ്
പടിക്കംവയലിൽ നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി; പ്രദേശത്ത് കടുവാ സാന്നിധ്യം, നാട്ടുകാർക്ക് ജാ​ഗ്രത നിർദേശം