കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി യുഡിഎഫ്

By Web TeamFirst Published Jun 28, 2020, 7:40 AM IST
Highlights

യുഡിഎഫിനെ കേൾക്കാത്ത ജോസ് കെ മാണിയുടെ നിലപാടിൽ യുഡിഎഫ് ഒന്നാകെ അതൃപ്തരാണ്. 

കോട്ടയം: ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫിൽ ധാരണ. ജോസ് കെ.മാണി വിഭാഗത്തിനെതിരെ ഉടനടി നീക്കം വേണമെന്ന ജോസഫ് വിഭാഗത്തിന്‍റെ നിലപാട് കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിലെ പ്രാദേശിക തര്‍ക്കം മുന്നണിക്കുള്ളിലെ പ്രതിസന്ധിയായി വളർന്നതിൽ മുസ്ലിം ലീഗും അതൃപ്തരാണ്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നൽകണമെന്ന യു‍ഡിഎഫ് നിർ‍ദേശം ജോസ് വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി കൂടുതല്‍ വഷളായത്. ഇതോടെയാണ് ഇനി കാത്തിരിക്കാനാകില്ലെന്നും കോട്ടയത്ത് അവിശ്വാസം വേണമെന്നുമുള്ള നിലപാടിലേക്ക് കോണ്‍ഗ്രസും എത്തിയത്. 

എന്നാൽ എന്ന് അവിശ്വാസപ്രമേയ നോട്ടീസ് നൽകണമെന്ന കാര്യത്തിൽ തീരുമാനിച്ചിട്ടില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. യുഡിഎഫിനെ കേൾക്കാത്ത ജോസ് കെ മാണിയുടെ നിലപാടിൽ യുഡിഎഫ് ഒന്നാകെ അതൃപ്തരാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജോസ് വിഭാഗം നടത്തുന്ന വിലപേശൽ അംഗീകരിച്ചു കൊടുക്കേണ്ടെന്ന നിലപാടും യുഡിഎഫിലെ പ്രമുഖ കക്ഷികൾക്കുണ്ട്

അവിശ്വാസ പ്രമേയമെന്ന സമ്മർദ്ദത്തിൽ ജോസ് വിഭാഗം വഴങ്ങുമോയെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. എന്നാൽ ജോസ് പക്ഷം നിലപാട് വീണ്ടും കടുപ്പിച്ചതോടെ കേരള കോണ്‍ഗ്രസുകളുടെ തമ്മിലടി മുന്നണിയെ ആകെ പ്രതിസന്ധിയിലാക്കി. അവിശ്വാസ പ്രമേയം വന്നാലും ജോസ് കെ മാണി വിഭാഗത്തിന്‍റെ പ്രസിഡന്‍റിനെ പുറത്താക്കാന്‍ യുഡിഎഫിന് കഴിയില്ല. ജില്ലാ പഞ്ചായത്തില്‍ ഇടത് മുന്നണി ജോസ് കെ മാണിയെ പിന്തുണച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകും. പിജെ ജോസഫ് കർക്കശ നിലപാട് തുടരുന്പോഴും ഇത്തരമൊരവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കാതെ പരിഹരിക്കാനാകുമോയെന്ന ശ്രമത്തിലാണ് കോണ്‍ഗ്രസ്
 

click me!