
തിരുവനന്തപുരം: ശബരിമല പ്രശ്‍നം വീണ്ടും സജീവമാക്കാൻ ആചാരസംരക്ഷണം പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ യുഡിഎഫ്. പുനപരിശോധനാ ഹർജികളിൽ നിലപാട് വ്യക്തമാക്കാൻ സർക്കാരിന് മേൽ യുഡിഎഫ് സമ്മർദ്ദം ഉയർത്തുമ്പോൾ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ് സിപിഎം. എൽഡിഎഫും ബിജെപിയും ലീഗ് വിരുദ്ധ കാർഡിറക്കി കളം പിടിക്കാനൊരുങ്ങുമ്പോഴാണ് ഉമ്മൻചാണ്ടിയുടെ ശബരിമല പൂഴിക്കടകൻ.
സുപ്രീം കോടതിയിലെ കേസ് വേഗത്തിലാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് ചർച്ച തുടങ്ങിവെച്ച ഉമ്മൻചാണ്ടി ഐശ്വര്യ കേരളയാത്രയുടെ ഉദ്ഘാടനത്തിൽ ശബരിമല വീണ്ടും മുഖ്യ അജണ്ടയാക്കി. ആചാരസംരക്ഷണം ഉറപ്പാക്കൽ പ്രകടനപത്രികയിലെയും പ്രധാന വാഗ്ദാനമാക്കാനാണ് യുഡിഎഫ് തീരുമാനം. യുഡിഎഫ് അധികാരത്തിലെത്തിയാൽ യുവതിപ്രവേശനം അനുവദിച്ചുള്ള വിധിക്കെതിരായ റിവ്യു ഹർജികളിൽ ആചാരം നിലനിർത്തണമെന്ന സത്യവാങ്മൂലം നൽകുമെന്ന ഉറപ്പുമുണ്ടാകും.
റിവ്യുഹർജികളിലെ വാദത്തിൽ യുവതിപ്രവേശനത്തിലെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുമോ ഇല്ലയോ എന്ന നിലപാട് വ്യക്തമാക്കാനാണ് സർക്കാരിന് മേലുള്ള സമ്മർദ്ദം. ശബരിമല പ്രശ്‍ന പരിഹാരത്തിന് കേന്ദ്ര സർക്കാർ എന്ത് ചെയ്തുവെന്ന ചോദ്യങ്ങളും ഉയരുന്നതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ശബരിമല പ്രശ്നം കത്തിച്ച ബിജെപിയെയും പ്രതിരോധത്തിലാക്കുന്നു.
വിശ്വാസികളുടെ കണ്ണിൽപൊടിയിടാനാണ് യുഡിഎഫ് ശ്രമമെന്നാണ് ബിജെപി വിമർശനം. ലീഗ് വിരുദ്ധകാർഡിൽ ക്രിസ്ത്യന്‍ വോട്ടുകൾക്കൊപ്പം ഹിന്ദുവോട്ടിലും കണ്ണ് നടുന്ന എൽഡിഎഫാണ് കൂടുതൽ പ്രതിരോധത്തിൽ. ശബരിമലയിൽ രണ്ടിലൊന്ന് പറഞ്ഞേ മുന്നോട്ട് പോകാനാവു എന്ന സമ്മർദ്ദ തന്ത്രത്തിലേക്കാണ് യുഡിഎഫ് ചുവടുകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam