ഡോ. അരുൺ കുമാറിനെതിരെ പരാതി; കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി

By Web TeamFirst Published Jan 14, 2023, 3:16 PM IST
Highlights

ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്.

ദില്ലി: കേരള സർവകലാശാല അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരായ പരാതിയിൽ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി കത്ത് അയച്ചു. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി കിട്ടിയത്.

ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് എഴുതിയെന്ന് കാട്ടിയാണ് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതികൾ ലഭിച്ചത്.

ഈ പരാതിയിൽ പരിശോധന നടത്തി വിവരം അറിയിക്കാൻ യുജിസി ജോയിന്‍റ് സെക്രട്ടറി ഡോ. മഞ്ജു സിങ്ങ് ജെ എസിനാണ് യുജിസി ചെയർമാൻ നിർദ്ദേശം നൽകിയത്. അതേസമയം, കലോത്സവ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം നടത്തിയിരുന്നു. കലോത്സവ വേദിയിൽ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തിൽ നിന്ന് പഴയിടം പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിച്ചിത്താനത്തെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മന്ത്രിയുമായ വി എൻ വാസവൻ പറഞ്ഞു.

Also Read: 'ജാതി പറഞ്ഞ് വേർതിരിവുണ്ടാക്കാൻ ശ്രമം'; പഴയിടം വിവാദം, ഡോ. അരുണിനെതിരെ പരാതികള്‍; പരിശോധിക്കാൻ യുജിസി

എന്നാൽ, തന്‍റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയായിരുന്നു പഴയിടത്തിന്റെ വാക്കുകളിൽ. ബ്രാഹ്മണിക്കൽ ഹെജിമണിയൊക്കെ ആരോപിച്ച് കലോത്സവ വേദിയിലെ പഴയിടത്തിന്റെ സസ്യാഹാര പാചകം നവമാധ്യമങ്ങളില്‍ വിമര്‍ശനം നേരിടുമ്പോള്‍ പാർട്ടി പഴയിടത്തിനൊപ്പം തന്നെയെന്ന സന്ദേശവുമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയം ജില്ലയിൽ നിന്നുള്ള മന്ത്രിയുമായ വി എൻ വാസവൻ ഇന്നലെ കുറിച്ചിത്താനത്തെ പഴയിടം മോഹനൻ നമ്പൂതിരിയുടെ വീട്ടിലെത്തിയത്. സംസ്ഥാന വ്യാപകമായി സിപിഎം നടത്തുന്ന ഗൃഹ സന്ദർശന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

click me!