ഗവർണറുടെ അന്ത്യശാസനം സ്വാഗതം ചെയ്ത് കോൺഗ്രസ്, ഗവർണർ അതിര് കടന്നെന്ന് ലീഗ്; പ്രതിപക്ഷത്ത് ഭിന്നതയോ?

Published : Oct 23, 2022, 09:00 PM IST
ഗവർണറുടെ അന്ത്യശാസനം സ്വാഗതം ചെയ്ത് കോൺഗ്രസ്, ഗവർണർ അതിര് കടന്നെന്ന് ലീഗ്; പ്രതിപക്ഷത്ത് ഭിന്നതയോ?

Synopsis

ഗവർണറുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ; സർക്കാരിന് കൂട്ടുനിന്ന ഗവർണർ ഇപ്പോൾ ചെയ്ത തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ്. ഗവർണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ലീഗിന്റെ വാർത്താക്കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് നാളെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവർണറുടെ അന്ത്യശാസനത്തെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത. ഗവർണറുടെ തീരുമാനം വന്നതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ച മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായി ഇ.ടി.മുഹമ്മദ് ബഷീർ, ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആളെന്ന നിലയിൽ ഗവർണർമാരുടെ നിയമനവും പ്രവർത്തനവും അടുത്ത് നിന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഗവർണർമാർ സാധാരണ  
സർവകലാശാലകളിൽ ഇടപെടാറില്ല. സർക്കാരുമായി വിയോജിപ്പുണ്ടാകാം. സർവകലാശാലകളിൽ സർക്കാർ പറയുന്ന എല്ലാം അംഗീകരിക്കണമെന്നില്ല. പക്ഷേ ഇപ്പോഴത്തെ ഗവർണറുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. 

അന്ത്യശാസനം ശരിവച്ച് പ്രതിപക്ഷം, 'പണ്ട് പലതിനും കൂട്ടുനിന്ന ഗവർണർ തെറ്റ് തിരുത്തുന്നത് സ്വാഗതാർഹം': സതീശൻ

അതേസമയം പിന്നാലെ വാർത്താക്കുറിപ്പിറക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്തു. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസലർമാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സർക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നിരുന്നെന്നും സതീശൻ പറഞ്ഞു. അങ്ങനെ ചെയ്ത ഗവർണർ ഇപ്പോൾ ചെയ്ത തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. പിന്നാലെ, സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാർ ദുർവാശി വെടിയണമെന്നാവശ്യപ്പെട്ട് എംപിയും കോൺ​ഗ്രസ് നേതാവുമായ കെ.മുരളീധരൻ രംഗത്തെത്തി. ഇതുവരെ തെറ്റായ പ്രവർത്തനമാണ് നടന്നത്. അതിന് ഗവർണറും കൂട്ടുനിന്നു. അതിന്റെ ഫലമാണിത്. രണ്ട് കൂട്ടർക്കും ഉത്തരവാദിത്തമുണ്ടെന്നും ആരും നല്ലവരല്ലെന്നും ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും കെ.മുരളീധരൻ വ്യക്തമാക്കി.

'ഗവർണറുടെ നടപടി അതിരുകടന്നത്', പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗ്

ഇതിനു പിന്നാലെ മുസ്ലിം ലീഗിന്റെ വാർത്താക്കുറിപ്പ് വന്നു. ഗവർണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്‍റെ വിമര്‍ശനം. സുപ്രീംകോടതി വിധിയിലേക്ക് നയിച്ച സഹാചര്യം സർക്കാർ ഗൗരവമായി കാണേണ്ടതാണെന്നും ലീഗ് വ്യക്തമാക്കി. അതേസമയം ലീഗിന്റെ നിലപാട് തനിക്കറിയില്ല എന്ന് പ്രതിപക്ഷ നേതാവ് കണ്ണൂരിൽ പ്രതികരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയോടടക്കം ആലോചിച്ചാണ് താൻ നിലപാട് പറഞ്ഞത്. ലീഗിനകത്ത് എന്തെങ്കിലും കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടോ എന്ന് അറിയില്ല, യുഡിഎഫിൽ ഒരു ഭിന്നതയുമില്ല എന്നും വി.ഡി.സതീശൻ വ്യക്തമാക്കി.

'ഇനിയെങ്കിലും സർക്കാർ ദുർവാശി വിടണം'; ​ഗവർണർ സർക്കാർ പോരിൽ മുരളീധരൻ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജനവാസ മേഖലയിൽ കരടിയും കുട്ടി കരടിയും; ഭക്ഷണം തേടി ഇറങ്ങിയതാവാമെന്ന് വനംവകുപ്പ്
മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനം; അധ്യാപകനെതിരെ പൊലീസ് കേസ്