
കൊച്ചി: അതിശക്തമായ ത്രികോണ മത്സരം നടന്നുവെന്ന് വിലയിരുത്തപ്പെട്ട തൃക്കാക്കരയിൽ യുഡിഎഫിൻ്റെ മുന്നേറ്റം. തൃക്കാക്കര തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോൾ ഉമാ തോമസിൻ്റെ ലീഡ് ആറായിരത്തിൽ എത്തി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ സമയം പിടി തോമസ് നേടിയ ലീഡിനേക്കാൾ ഇരട്ടി വോട്ടുകൾ പിടിച്ചാണ് തൃക്കാക്കരയിൽ ഉമാ തോമസ് മുന്നിട്ട് നിൽക്കുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചെല്ലങ്കിൽ മകിച്ച വിജയം ഉറപ്പിക്കുകയാണ് യുഡിഎഫും ഉമാ തോമസും.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എന്നാൽ നഗരമേഖലയിൽ തന്നെ മികച്ച ലീഡ് ഉമാ തോമസ് കരസ്ഥമാക്കിയതോടെ ട്രെൻഡ് വ്യക്തമായി. ആകെ പോൾ ചെയ്ത വോട്ടുകളിൽ കാൽഭാഗം എണ്ണി തീര്‍ന്നപ്പോൾ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്. അഞ്ച് റൗണ്ട് വോട്ടെണ്ണൽ ബാക്കി നിൽക്കേ പിടി തോമസിനും മുകളിലേക്ക് ഉമയുടെ ലീഡ് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ തവണ മൂന്നാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 3335 വോട്ടുകളുടെ ലീഡായിരുന്നു പിടിക്ക്. എന്നാൽ ഇക്കുറി മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ആറായിരത്തിനും മേലെ ലീഡിലേക്ക് ഉമയെത്തി. ആദ്യ റൗണ്ടിൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ഇവിടെ പിടിക്കും മേലെ ലീഡ് ഉമ പിടിച്ചു. പ്രതീക്ഷിച്ചതിലും വലിയ ലീഡിക്ക് ആദ്യറൗണ്ടിൽ ഉമ എത്തിയതിന് തൊട്ടുപിന്നാലെ വോട്ടിംഗ് കേന്ദ്രമായ മഹാരാജാസ് കോളേജിന് മുന്നിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം ആരംഭിച്ചു.
സര്‍ക്കാരിൻ്റേയും സിപിഎമ്മിൻ്റേയും മുഴുവൻ സംഘടനാ സംവിധാനവും ഇറക്കുക വഴി തൃക്കാക്കരയെ ഇളക്കി മറിച്ച പ്രചാരണമാണ് എൽഡിഎഫ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മണ്ഡലത്തിൽ ക്യാംപ് ചെയ്താണ് പ്രചാരണം നയിച്ചത്. മുഖ്യമന്ത്രിയെ കൂടാതെ എൽഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മന്ത്രി പി.രാജീവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജും പ്രചാരണത്തിന് ചുക്കാൻ പിടിച്ചു. മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ സാധിച്ചില്ല എന്നത് എൽഡിഎഫ് ക്യാംപിന് ഷോക്കായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam