
കൊച്ചി: കലൂരിലെ അപകടത്തിന് ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ് എംഎൽഎ. ആശുപത്രിയിൽ നിന്ന് ഓൺലൈനായാണ് പരിപാടിയിൽ പങ്കെടുത്തത്. കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ് എംഎൽഎ പങ്കെടുത്തത്.
"വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിലാണ്. ഈ തിരിച്ചുവരവിന് നിങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടായിരുന്നുവെന്ന് ഞാൻ വളരെ നന്ദിയോടെ ഓർക്കുന്നു. ആ പ്രാർത്ഥന തന്നെയാണ് എന്നെ തിരിച്ചുകൊണ്ടുവന്നത്. അപകടത്തിന് ശേഷം ആദ്യമായാണ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. സ്കൂളിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഏതാനും ദിവസത്തിനുള്ളിൽ കൈമാറാൻ സാധിക്കുമെന്ന സന്തോഷ വാർത്ത കൂടി ഈ അവസരത്തിൽ പങ്കുവയ്ക്കുന്നു"- എംഎൽഎ പറഞ്ഞു.
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ പരിക്കേറ്റു. എംഎൽഎയുടെ മനോധൈര്യം പ്രശംസനീയമാണെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. വെന്‍റിലേറ്ററിൽ നിന്ന് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ 'ഐ ആം ഓകെ' എന്ന് ഉമ തോമസ് പറഞ്ഞു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് തന്നെ സന്ദർശിച്ച മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. ഇത് തന്‍റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ആരോഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ; മനോധൈര്യം പ്രശംസനീയമെന്ന് ഡോക്ടർ; ഫിസിയോ തെറാപ്പി തുടരും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam