
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവിൽ നിന്ന് രക്തം വാർന്നുപോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് എംഎൽഎ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു.
പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ ഉടൻ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam