
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ഒരു എല്‍. ഡി. ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട് ടൈം സ്വീപർമാരെയുമാണ് സസ്പെൻഡ് ചെയ്തത്.
തട്ടിപ്പ് പുറത്ത് വന്നതോടെ സാമൂഹ്യ ക്ഷേമ പെൻഷൻ പട്ടികയിൽ വിശദമായ പരിശോധനയാണ് സർക്കാർ ലക്ഷ്യമിടുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വാര്‍ഡ് അടിസ്ഥാനത്തിൽ പട്ടിക പരിശോധിച്ച് അനർഹരുണ്ടെങ്കിൽ ഒഴിവാക്കാനാണ് തീരുമാനം. ഇതിനായി സോഷ്യൽ ഓഡിറ്റിംഗ് നടക്കും. വാര്‍ഡ് അടിസ്ഥാനത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡ് അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ പട്ടികയെടുത്ത് ഓരോരുത്തരുടേയും അര്‍ഹത സംബന്ധിച്ച വിലയിരുത്തൽ നടത്തും. സര്‍ക്കാര്‍ ജീവനക്കാരുടേയും പെൻഷൻകാരുടെയും പ്രത്യേക ലിസ്റ്റുണ്ടാക്കി നടപടി ഉറപ്പാക്കും. വിശദമായ പരിശോധനക്ക് ശേഷം പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് അടക്കം നടപടികളും ആലോചനയിലുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്ത് വന്നതോടെ അനര്‍ഹമായി പെൻഷൻ പറ്റുന്നവരുടെ വിവരങ്ങൾ കത്തായും ഇമെയിലായും എത്തുന്നുണ്ട്. ഉയര്‍ന്ന് വരുന്ന പരാതികൾ ഓരോന്നും അതാത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി പരിശോധിച്ച് നടപടി ഉറപ്പാക്കും. ക്ഷേമപെൻഷൻ വാങ്ങുന്നതിനുള്ള അര്‍ഹതാ മാനദണ്ഡങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും ഇതു സംബന്ധിച്ച് സര്‍ക്കാർ ഉത്തരവിലടക്കം നിലവിലുള്ള പഴുതുകൾ പരിഹരിക്കാനും ആലോചനയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam