
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായി പാറമേക്കാവ് വിഭാഗം പുറത്തിറക്കിയ ആസാദി കുട വിവാദത്തെ തുടർന്ന് ഒഴിവാക്കി. കുടമാറ്റത്തിനായി പുറത്തിറക്കിയ കുടയിൽ വി ഡി സവർകറുടെ ചിത്രം ഇടം നേടിയതാണ് വിവാദത്തിന് കാരണമായത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെയും രാജ്യത്തെ നവോത്ഥാന നായകരുടെയും ചിത്രങ്ങൾക്കൊപ്പമാണ് സവര്‍കറുടെ ചിത്രവും ഇടം പിടിച്ചത്. പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്.
കുട പുറത്തിറക്കിയതിന് പിന്നാലെ വിവാദവും കൊഴുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ്, എഐഎസ്എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലും ഇത് ഏറ്റുപിടിച്ച് ആളുകൾ രംഗത്തെത്തി. ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിലെന്നായിരുന്നു പാറമേക്കാവിന്റെ വിശദീകരണം. വിവാദം ശക്തമായതിന് പിന്നാലെ ചമയപ്രദർശനത്തിൽ നിന്ന് ഈ കുട ഒഴിവാക്കുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ചേരി തിരിഞ്ഞ് വാഗ്വാദം ശക്തമായിരുന്നു. സവർക്കറെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ച് ഒരു വിഭാഗവും വീരപുരുഷൻ എന്ന് വിശേഷിപ്പിച്ച് മറുവിഭാഗവും രംഗത്തെത്തുകയായിരുന്നു. സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം സവര്‍ക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിനെ ലജ്ജാകരം എന്നാണ് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ വിശേഷിപ്പിച്ചത്. റവന്യൂ മന്ത്രി കെ.രാജനാണ് തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഇന്നും നാളെയുമാണ് ചമയ പ്രദർശനം.
Read Also: കുടമാറ്റത്തിനായി തയ്യാറാക്കിയ ആസാദി കുടയിൽ സവർകറും; സാമൂഹിക മാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് പോര്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam