സവർകറുടെ ചിത്രം ഇടം നേടിയത് പാറമേക്കാവ് തയ്യാറാക്കിയ കുടയിൽ, വിവാദമായതോടെ ചമയ പ്രദർശനത്തിൽ നിന്ന് ഒഴിവാക്കി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായി പാറമേക്കാവ് വിഭാഗം പുറത്തിറക്കിയ ആസാദി കുടയെ ചൊല്ലി വിവാദം. കുടമാറ്റത്തിനായി പുറത്തിറക്കിയ കുടയിൽ വി.ഡി.സവർകറുടെ ചിത്രം ഇടം നേടിയതാണ് വിവാദത്തിന് ആധാരം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെയും രാജ്യത്തെ നവോത്ഥാന നായകരുടെയും ചിത്രങ്ങൾക്കൊപ്പമാണ് സവര്‍കറുടെ ചിത്രവും ഇടം പിടിച്ചിരിക്കുന്നത്. പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്.

കുട പുറത്തിറക്കിയതിന് പിന്നാലെ വിവാദവും കൊഴുത്തു. യൂത്ത് കോൺഗ്രസ്, എഐഎസ്എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലും ഇത് ഏറ്റുപിടിച്ച് ആളുകൾ രംഗത്തെത്തി. അതേസമയം ആസാദി ക അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിലെന്നാണ് പാറമേക്കാവിന്റെ വിശദീകരണം. 

വിവാദം ശക്തമായതിന് പിന്നാലെ ചമയപ്രദർശനത്തിൽ നിന്ന് ഈ കുട ഒഴിവാക്കി. എങ്കിലും സാമൂഹിക മാധ്യമങ്ങളിൽ ചേരി തിരിഞ്ഞ് വാഗ്വാദം തുടരുകയാണ്. സവ‍ർകറെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ച് ഒരു വിഭാഗവും വീരപുരുഷൻ എന്ന് വിശേഷിപ്പിച്ച് മറുവിഭാഗവും രംഗത്തുണ്ട്.

സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം സവര്‍കറുടെ ചിത്രം ഉൾപ്പെടുത്തിയതിനെ ലജ്ജാകരം എന്നാണ് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ വിശേഷിപ്പിച്ചത്.

തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിലൂടെ സംഘപരിവാർ അജണ്ട തുടങ്ങിവയ്ക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രമോദ് ചൂരങ്ങാട് ആരോപിച്ചു. 

റവന്യൂ മന്ത്രി കെ.രാജനാണ് തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഇന്നും നാളെയുമാണ് ചമയ പ്രദ‍ർശനം.