അധികാര കേന്ദ്രങ്ങളിലെ മാറാത്ത സാന്നിധ്യം, രാഷ്ട്രീയത്തില്‍ തനിവഴി; ആരായിരുന്നു ദാദയെന്ന അജിത് പവാര്‍?

Published : Jan 28, 2026, 03:55 PM IST
Ajith Pawar

Synopsis

മഹാരാഷ്ട്രയില്‍ ആര് വാണാലും അധികാര കേന്ദ്രങ്ങളിലെ മാറാത്ത സാന്നിധ്യമായിരുന്നു ദാദയെന്ന അജിത് പവാര്‍

ദില്ലി: മഹാരാഷ്ട്രയില്‍ ആര് വാണാലും അധികാര കേന്ദ്രങ്ങളിലെ മാറാത്ത സാന്നിധ്യമായിരുന്നു ദാദയെന്ന അജിത് പവാര്‍. അമ്മാവന്‍ ശരത് പവാറിന്‍റെ നിഴല്‍ പറ്റി നടന്ന അജിത് പവാര്‍, കേന്ദ്രത്തില്‍ മോദിയുഗം ആരംഭിച്ചതോടെ രാഷ്ട്രീയത്തില്‍ തനിവഴി തെരഞ്ഞെടുത്തു. അഴിമതി ആരോപണങ്ങളില്‍ വലഞ്ഞതിനു പിന്നാലെ എന്‍സിപിയെ പിളര്‍ത്തി പവാര്‍ കുടുംബത്തില്‍ വിള്ളലുണ്ടാക്കിയ രാഷ്ട്രീയ ചാണക്യന് കര്‍ഷകരുടെ വിശ്വാസമായിരുന്നു എന്നും തുണയായി ഉണ്ടായിരുന്നത്.

കര്‍ഷകമിത്രം, ബാരാമതിയുടെ പുത്രന്‍, മറാത്തക്കാരുടെ ദാദ അങ്ങനെ വിശേഷണങ്ങളേറെയാണ് അജിത് പവാറിന്. 80കളില്‍ ദേശീയ രാഷ്ട്രീയത്തിലെ പവര്‍ ബാങ്കായിരുന്ന ശരത് പവാറിന്‍റെ പാത പിന്തുടര്‍ന്നാണ് അനന്തരവനായ അജിത് പവാറിന്‍റെ രാഷ്ട്രീയപ്രവേശം. ഇന്ത്യയുടെ പഞ്ചസാര കിണ്ണമെന്ന് അറിയപ്പെടുന്ന ബാരാമതിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങി. പത്താംക്ലാസ് വിദ്യാഭ്യാസമെന്നത് പരിമിതിയായിരുന്നില്ല അദ്ദേഹത്തിന്. പാല്‍ സൊസൈറ്റി മുതല്‍ സഹകരണ സംഘങ്ങളില്‍ വരെ പ്രവര്‍ത്തിച്ചതിന്‍റെ തഴമ്പുമായാണ് അജിത് പവാർ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത്.

1991ല്‍ ബാരാമതി ലോക്സഭാമണ്ഡലം അദ്ദേഹത്തിന് കന്നിജയം സമ്മാനിച്ചു. വൈകാതെ അമ്മാവനുവേണ്ടി സീറ്റൊഴിഞ്ഞത് രാഷ്ട്രീയത്തില്‍ വഴിത്തിരിവായി. പവാറിന്‍റെ പവര്‍ അജിത്താണെന്ന് പ്രവര്‍ത്തകരും എതിരാളികളും തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. പവാര്‍ പ്രസിഡന്‍റായിരുന്ന എന്‍സിപിയുടെ ആദ്യ വര്‍ക്കിങ് പ്രസിഡന്‍റായി. ബാരമതിയില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തി. തുടര്‍ച്ചയായി ആറുതവണ ബാരാമതി അജിത് പവാറിനെ മാത്രം വരിച്ചു. മാധ്യമങ്ങളില്‍ നിന്ന് അകന്ന് ദിവസവും 16 മണിക്കൂറോളം ജനങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ച കഠിനാധ്വാനിയായിരുന്നു അജിത് പവാർ. ബാരാമതിയിലെ വസതിയില്‍ മുടങ്ങാതെ നടന്ന ജനതാ ദര്‍ബാര്‍ ജനകീയതയ്ക്ക് തെളിവായി.

ദീര്‍ഘകാലം അദ്ദേഹം ഉപമുഖ്യമന്ത്രിയായി. ഒപ്പമുളളത് കര്‍ഷകരായതിനാല്‍ കൃഷി, ജലസേചന വകുപ്പുകളോടായിരുന്നു അജിത് പവാറിന് താത്പര്യം. 2019ന് ശേഷം നാടകീയത നിറഞ്ഞതായിരുന്നു അജിത് പവാറിന്‍റെ രാഷ്ട്രീയജീവിതം. കുടുംബരാഷ്ട്രീയത്തിലെ സ്ഥിരം കാഴ്ചയായ അധികാരമാറ്റം എന്‍സിപിയിലും പ്രകടമായി. ഒരു ഭാഗത്ത് 25,000 കോടിയുടെ അഴിമതി കേസുമായി ബിജെപി. മറുഭാഗത്ത് എന്‍സിപിയുടെ കടിഞ്ഞാണ്‍ പവാറിന്‍റെ മകളായ സുപ്രീയ സുലെയിലേക്ക് പോകുന്ന സാഹചര്യം. രക്ഷപ്പെടാന്‍ വഴി തേടിയ അജിത് പവാര്‍ എന്‍സിപിയെ പിളര്‍ത്തി. പുലര്‍ച്ചെ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം രാജ്ഭവനിലെത്തി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 80 മണിക്കൂര്‍ മാത്രം നീണ്ട നാടകത്തിന് അജിത് വീണ്ടും ശരത് പവാറിന്‍റെ കൈപിടിച്ചതോടെ അന്ത്യമായി.

പാര്‍ട്ടി പുനസംഘടനയില്‍ ഒതുക്കപ്പെട്ടതോടെ നിരാശയിലായി അജിത് പവാര്‍ അവസരത്തിനായി കാത്തിരുന്നു. 2023ല്‍ ഏവരേയും ഞെട്ടിച്ച് എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 29 പേരുമായി രാജ്ഭവനിലെത്തി അജിത് കരുത്തുകാട്ടി. ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി. ശരദ് പവാറിന്‍റെ പവറില്ലാതാക്കി എന്‍സിപി ഔദ്യോഗിക പക്ഷത്തിന്‍റെ നേതൃനിരയിലേക്ക് ദാദ ഉയര്‍ന്നു. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ എന്‍സിപിയുടെ അനിഷേധ്യ നേതാവായി അജിത് പവാര്‍ മാറി. പലതവണ ഉപമുഖ്യമന്ത്രിയായപ്പോഴും മുഖ്യമന്ത്രി കസേര അന്യമായിരുന്നു. അജിത് പവാര്‍ ഒരിക്കല്‍ മുഖ്യമന്ത്രി ആകുമെന്ന് പ്രതിക്ഷിക്കുന്നവര്‍ നിരവധിയായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലും എന്‍സിപി കരുത്തു കാട്ടിയതോടെ പവാര്‍ കുടുംബത്തില്‍ മഞ്ഞുരുകലിന് വഴിതെളിഞ്ഞു. എന്‍സിപിയും പവാര്‍ കുടുംബവും വീണ്ടും ഒന്നിക്കുന്നതിന്‍റെ സൂചനകള്‍ പുറത്തു വരുന്നതിനിടെയാണ് നാടകീയമായി മരണം അജിത് പവാറിനെ കവര്‍ന്നെടുത്തത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ-ഇനം ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്, റീട്ടെയിൽ രംഗത്തും ചുവടുറപ്പിക്കാൻ കുടുംബശ്രീ; വമ്പൻ പ്രഖ്യാപനവുമായി എം ബി രാജേഷ്
രാഹുലിന്‍റെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങൾ പുറത്ത്; 'അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചല്ല', പരാതിക്കാരി മൊഴി നൽകാൻ വൈകിയെന്ന വാദവും പരിഗണിച്ചു