
ക്വാലാലംപൂർ/തിരുവനന്തപുരം: കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് 2025-ലെ അണ്ടർ-12 ഗേൾസ് വിഭാഗത്തിൽ ദിവി ബിജേഷ് ജേതാവായി . നവംബർ 9 മുതൽ 16 വരെ മലേഷ്യയിൽ നടന്ന ടൂർണമെന്‍റിൽ ഒമ്പത് റൗണ്ടുകളിലായി 8.5/9 സ്കോറുമായാണ് ദിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രായപരിധിപ്രകാരം അണ്ടർ-10 താരമായിട്ടും ദിവിക്കു മികച്ച പ്രകടനം കാഴ്ചവെക്കാനായി. 13 വിഭാഗങ്ങളിലായി വേദിയൊരുക്കുന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് കോമൺവെൽത്ത് രാഷ്ട്രങ്ങളിലെ മുൻനിര താരങ്ങളും ഗ്രാൻഡ് മാസ്റ്റർമാരും പങ്കെടുക്കുന്ന പ്രധാന അന്താരാഷ്ട്ര മത്സരമാണ്. ദിവിയുടെ നേട്ടം ഇന്ത്യൻ യുവ ചെസ് രംഗത്തിന് അഭിമാനമാണ്.
2025-ൽ ദിവി വേൾഡ് കപ്പ് U-10 ഗേൾസ് ചാമ്പ്യൻ, വേൾഡ് കഡറ്റ് റാപ്പിഡ് ചാമ്പ്യൻ, വേൾഡ് കഡറ്റ് ബ്ലിറ്റ്‌സ് വൈസ് ചാമ്പ്യൻ, വേൾഡ് സ്കൂൾസ് ചെസ് വൈസ് ചാമ്പ്യൻ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് . 75-ത്തിലധികം മെഡലുകൾ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ (WCM) കൂടിയാണ്. ഇന്ത്യയുടെ ആദ്യ U-10 ഗേൾസ് വേൾഡ് കപ്പ് ചാമ്പ്യൻ എന്ന ബഹുമതിയും ദിവിക്കു സ്വന്തമാണ്
“മുതിർന്ന വിഭാഗത്തിലെ താരങ്ങളെ നേരിട്ടിട്ടും ആത്മവിശ്വാസത്തോടെ കളിച്ചാണ് ദിവി ഈ നേട്ടം കരസ്ഥമാക്കിയതെന്നും, ദിവിയുടെ ഓരോ നേട്ടങ്ങളും ഞങ്ങൾക്ക് അഭിമാനമാണെന്നും ദിവിയുടെ അച്ഛൻ ബിജേഷ് പറഞ്ഞു. “ജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഓരോ മത്സരത്തിലും മികച്ചത് ചെയ്യാൻ ശ്രമിച്ചുവെന്നും ദിവി പറഞ്ഞു. പിന്തുണയ്ക്കുന്ന മാതാപിതാക്കൾക്കും പരിശീലകർക്കും നന്ദിയും അറിയിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി. അച്ഛന്‍: ബിജേഷ്, അമ്മ: പ്രഭ, സഹോദരൻ: ദേവനാഥ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam