
കൊച്ചി: വൈറ്റില ജങ്ഷനിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം. കെഎസ്ആർടിസി ഡ്രൈവറെ ഇടിവള കൊണ്ട് ലോറി ഡ്രൈവർ മർദിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റിന്‍റോയ്ക്കാണ് മർദനമേറ്റത്. പാഴ്സൽ ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തു. ലോറിക്ക് സൈഡ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദനം.
വൈറ്റിലയിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിത സംഭവം. ഡ്രൈവർമാർ കയറുന്ന വാതിലിലൂടെയാണ് ഷിഹാസ് ഉമ്മർ ബസിൽ കയറിയത്. എന്നിട്ട് റിന്‍റോയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിവള കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. തുടർന്ന് കണ്ടക്ടറും ബസിലെ യാത്രക്കാരും ഓടിയെത്തി പിടിച്ചുമാറ്റാൻ ശ്രമിച്ചു. അതോടെ ഷിഹാസ് ഉമ്മർ അവർക്കെതിരെയും തിരിഞ്ഞു.
ആളുകൾ കൂടിയതോടെ ബസിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ഷിഹാസ് ശ്രമിച്ചു. എല്ലാവരും ചേർന്ന് ഇയാളെ തടഞ്ഞുവച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ബസ് തന്‍റെ ലോറിക്ക് സൈഡ് നൽകിയില്ലെന്നും ബസിടിച്ച് ലോറിയുടെ മിറർ പൊട്ടിയെന്നുമാണ് ഷിഹാസ് പൊലീസിനോട് പറഞ്ഞത്.