Attappadi : ആരോഗ്യ മന്ത്രി ഇന്ന് അട്ടപ്പാടിയിൽ; കോട്ടത്തറ ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും സന്ദർശിക്കും

By Web TeamFirst Published Dec 4, 2021, 9:04 AM IST
Highlights

മന്ത്രിയെത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല. മന്ത്രിയുടെ വാഹനം പാലക്കാട് ജില്ലാ അതിർത്തി കടന്ന ശേഷം മാത്രമാണ് വിവരം പുറത്തറിഞ്ഞത്. 

പാലക്കാട്: അട്ടപ്പാടിയിൽ (Attappadi) ആരോഗ്യ മന്ത്രി വീണാ ജോർ‌ജിന്റെ (Veena George) അപ്രതീക്ഷിത സന്ദർശനം. കോട്ടത്തറ ആശുപത്രി (Kottathara Hospital) , ശിശുമരണം നടന്ന ഊരുകൾ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തുക. മന്ത്രിയെത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല. മന്ത്രിയുടെ വാഹനം പാലക്കാട് ജില്ലാ അതിർത്തി കടന്ന ശേഷം മാത്രമാണ് വിവരം പുറത്തറിഞ്ഞത്. 

അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി ഗർഭിണികളിൽ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. 

അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടർക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഗർഭിണികളെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ കണക്കെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 426 ഗർഭിണികളിൽ 245 പേരാണ് ഹൈറിസ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതൽ ഗുരുതരം. 

191 ആദിവാസി ഗർഭിണികൾ ഹൈ റിസ്ക്ക് വിഭാഗത്തിലാണുള്ളത്. അരിവാൾ രോഗികളായ 17 ഗർഭിണികൾ അട്ടപ്പാടിയിലുണ്ട്. ആദിവാസി ഗർഭിണികളിൽ 90 പേർക്ക് തൂക്കകുറവും ഹീമോഗ്ലോബിന്റെ കുറവുള്ള 115  പേരുമുണ്ടെന്ന് സർക്കാർ രേഖകളിൽ നിന്നും വ്യക്തമാകുന്നു. സർക്കാരിൽ രജിസ്റ്റർ ചെയ്തവരുടെ മാത്രം കണക്കാണിത്. ഇതിലുമേറെയുണ്ടാകുമെന്ന് ആരോഗ്യവകുപ്പും കരുതുന്നു. അതിനാൽ വിവിധ വകുപ്പുകളുടെ സഹായത്താൽ കൃത്യമായ പട്ടിക തയാറാക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. 

സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

അട്ടപ്പാടിയിയിലെ ശിശുമരണത്തിൽ സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് അട്ടപ്പാടിയിൽ നടക്കുന്നതെന്ന് ഊരുകളിലെത്തിയ ബി ജെ പി സംഘം ആരോപിച്ചു. 

വീട്ടിയൂര്, കുറവൻ കണ്ടി, ഊരുകളിലും കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും സന്ദർശനം നടത്തിയ കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിലുള്ള സംഘം, അട്ടപ്പാടിയിൽ വംശഹത്യക്കുള്ള നീക്കം നടക്കുകയാണെന്ന് ആരോപിച്ചു

കെ എസ് യു സംസ്ഥാന അധ്യക്ഷൻ്റെ നേതൃത്വത്തിൽ അഗളിയിൽ ഏകദിന ഉപവാസം നടത്തി. സർക്കാർ അട്ടപ്പാടിയിയിൽ കൂട്ടക്കുരുതി നടത്തു യാണെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് ആരോപിച്ചു. പ്രതിപക്, നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച അട്ടപ്പാടിയിലെത്തുന്നുണ്ട്.

click me!