കുർബാനയെ ചൊല്ലിയുള്ള തർക്കം; ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

By Web TeamFirst Published Dec 5, 2022, 4:37 PM IST
Highlights

എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർക്ക് പൊലീസ് സംരക്ഷണം നൽകാനാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. വിമത വിഭാഗത്തിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി തർക്കം നടക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. സിംഗിൾ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വിമത വിഭാഗത്തിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

 എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് നേരത്തെ പ്രതിഷേധങ്ങൾക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങൾ വിലക്കി കൊണ്ട് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് സർക്കുലർ ഇറക്കിയത്. അതിരൂപത ആസ്ഥാനത്ത് യോഗം ചേരാൻ അഡ്മിനിസ്ട്രേറ്ററുടെ അനുമതി തേടണം എന്നും സർക്കുലറില്‍ പറയുന്നുണ്ട്. പ്രാർത്ഥന പ്രതിഷേധക്കൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏകീകൃത കുർബാനയ്ക്കെതിരെ അതിരൂപത ആസ്ഥാനത്ത് രണ്ടാഴ്ചയായി ഉപരോധ സമരം നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.

Also Read: ഏകീകൃതകുര്‍ബാന: എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും, പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു

ഏകീകൃത കുർബാന തർക്കത്തിനിടെ കഴിഞ്ഞ ദിവസം കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ വെച്ച് വിമത വിഭാ​ഗം തടഞ്ഞിരുന്നു. ആറ് മണിയോടെ കൊച്ചി സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക മുന്നിൽ എത്തിയ ബിഷപ്പിനെ ​ഗേറ്റിന് മുന്നിൽ തന്നെ തടയുകയായിരുന്നു. ​ഗേറ്റ് പൂട്ടിയിട്ടാണ് തടഞ്ഞത്. ഇതിന് പിന്നാലെ ഔദ്യോഗിക പക്ഷത്തെ ഒരു കൂട്ടം വിശ്വസികൾ അതിരൂപത ആസ്ഥാനത്തേക്ക് ഇരച്ച് കയറി ബോർഡുകളും കസേരകളും തല്ലിത്തകർത്തു. ഇതോടെ പൊലീസ് ഇടപെട്ട് ആളുകളെ വിരട്ടിയോടിച്ചു.

click me!