
തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിനെ കേന്ദ്രസർക്കാർ ബോധപൂർവ്വം തടയുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ പോലും തട്ടിപ്പറിക്കുന്ന അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനർഹമായതൊന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും നാടിന്റെയും ജനതയുടെയും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തോട് കേന്ദ്രം കാണിക്കുന്നത് പകപോക്കൽ രാഷ്ട്രീയമാണെന്നും സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്ക് തടയാനുള്ള ഹീനമായ നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ ചില വിഭാഗങ്ങൾ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാന ബി ജെ പി ഘടകം കേരളത്തിന്റെ താൽപര്യങ്ങൾക്കൊപ്പം നിൽക്കാതെ കേന്ദ്രത്തിന്റെ ജനവിരുദ്ധ സമീപനങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. നാട് മുന്നോട്ട് പോകരുതെന്ന ഹീനബുദ്ധിയാണ് യു ഡി എഫ് കാണിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നതിന് പകരം അവർക്ക് പിന്തുണ നൽകുന്ന വിധത്തിൽ കേരളത്തെയും സംസ്ഥാന സർക്കാരിനെയും കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ സമീപനം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കേരളത്തിന്റെ അതിജീവനത്തിനായി നടക്കുന്ന ഈ പോരാട്ടത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിനെതിരായ കേന്ദ്രത്തിൻറെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടത്തിയ സത്യാഗ്രഹസമരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam