
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിലായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനായി വഴിപാടും പൂജയും. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളം ആണ് ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും പള്ളിയിൽ പ്രാര്‍ത്ഥനയും നടത്തിയത്. നന്നൂർ ദേവി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും ഭാഗ്യസൂക്താർച്ചനയും യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയത്.
പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാനയും നടത്തി. രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയും പ്രാർത്ഥനയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വിശദീകരണം. കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയതാണെങ്കിലും വളര്‍ന്നു വരുന്ന ഒരു നേതാവിനെ തേജോവധം ചെയ്യുന്ന പോലെയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെന്ന് റെജോ പറഞ്ഞു. രാഷ്ട്രീയപരമായിട്ടല്ലെന്നും വ്യക്തപരിമായാണ് ഈ പൂജകൾ ചെയ്തതെന്നും യൂത്ത് കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം, മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അയോഗ്യത നടപടികൾ നീളുമെന്ന് വിവരം. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനുള്ള നടപടികൾ സങ്കീർണമാണ്. വിഷയത്തിൽ ലഭിക്കുന്ന നിയമോപദേശം നിർണായകമാകും. നിയമസഭ സെക്രട്ടറിയേറ്റ് നടപടി തുടങ്ങിയാൽ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേ സമയം രാഹുലിന് പാർട്ടിയുമായി ബന്ധമില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ പുറത്ത് വന്നിരുന്നു. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നും പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. താൻ കുറ്റസമ്മതം നടത്താനാണ് തിരുമാനം. അങ്ങനെ ഞാൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിയുടെ രൂപത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസവും രാഹുലിന്‍റെയും പരാതിക്കാരിയുടേയും ചാറ്റുകൾ പുറത്തുവന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam