
ദില്ലി: ആശാ സമരം തുടരുന്നതിനിടെ ദില്ലിയിലെത്തിയ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാദം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരള ഹൗസ് റസിഡൻ്റ് കമ്മീഷണറുടെ അപേക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഈ അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നൽകിയെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ പ്രതികരിച്ചത്. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ കൂടിക്കാഴ്ചക്ക് ഉടൻ അനുമതി നൽകിയേക്കില്ലെന്നാണ് വിവരം.
കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ദില്ലിക്ക് പോയിട്ട് ഒന്നും നടക്കാത്തതിൽ, സമരസമിതിക്ക് അതൃപ്തിയുണ്ട്. ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനം. എം എ ബിന്ദു ,കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസമാണ്. അതേസമയം ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തിനെതിരെ സിഐടിയു ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. തിരുവനന്തപുരത്ത് പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam