
തൃശൂർ: 53 കൊല്ലം മുമ്പ് പഠിച്ച സ്കൂളിലെത്തി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സ്കൂളിന് സ്നേഹസമ്മാനമായി അടൽ ടിങ്കറിങ്ങ് ലാബിന്റെ പ്രഖ്യാപനവും നടത്തി. തൃശൂർ കുര്യച്ചിറയിലെ സെന്റ് പോൾസ് കോൺവന്റ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിലാണ് കേന്ദ്രമന്ത്രി എത്തിയത്. 53 കൊല്ലം മുമ്പ് കുര്യച്ചിറ സെന്റ് പോൾസ് കോൺവന്റ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിലെത്തിയ രാജീവ് ചന്ദ്രശേഖര്‍ രണ്ടര വർഷമാണ് അവിടെ പഠിച്ചത്.
കേന്ദ്ര മന്ത്രിയായതിനു ശേഷം സ്കൂളിലേക്ക് വീണ്ടുമെത്തുമ്പോൾ അടൽ ടിങ്കറിങ് ലാബിന്റെ പ്രഖ്യാപനവും ഐ ടി സഹമന്ത്രി നടത്തി. വിദ്യാർഥികളുടെ ഐ ടി ഇന്നവേഷൻസ് പ്രോത്സാഹിപ്പിക്കുകയാണ് അടൽ ടിങ്കറിങ് ലാബിന്റെ ലക്ഷ്യം. സ്കൂളിന്റെ ഐ ടി വികസനത്തിന് എന്ത് സഹായവും എപ്പോൾ വേണമെങ്കിലും നൽകാനുള്ള സന്നദ്ധതയും മന്ത്രി വാഗ്ദാനം ചെയ്തു.
പിന്നാലെയുണ്ടായത് ഏറെ വൈകാരികമായ മുഹൂർത്തം. സ്റ്റേജിന് മുന്നിൽ ഒരു പഴയ ചിത്രമുണ്ടായിരുന്നു. 53 കൊല്ലം മുമ്പത്തെ ബോർഡിങ് സ്കൂളിലെ ചിത്രം. അതിൽ മുൻ നിരയിൽ രാജീവ് ചന്ദ്രശേഖർ. ഫോട്ടോ കാണുന്നതിനിടെ പഴയ വിദ്യാർഥികളെക്കാണാൻ മൂന്ന് അമ്മമാരെത്തി. റോസിലി, പൗളി, ട്രീസ. സെന്റ് പോൾസ് ബോർഡിങ് സ്കൂളിലെ ആയമാരായിരുന്നു മൂന്നുപേരും. രാജീവ് ചന്ദ്രശേഖറിനെ ബോർഡിങ് സ്കൂളിൽ പരിചരിച്ചിരുന്നത് റോസിലിയായിരുന്നു. റോസിലിയെ ചേർത്തു നിർത്തി കേന്ദ്രമന്ത്രി പഴയ ഓർമ്മ പുതുക്കി. അന്നത്തെ വിദ്യാര്‍ത്ഥി കേന്ദ്ര മന്ത്രിയായതിൽ അഭിമാനമുണ്ടെന്ന് റോസിലി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam