
തൃശൂര്‍: കോര്‍പ്പറേഷന്‍റെ വെല്‍നെസ് സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങിൽ പരസ്പരം പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസും. തൃശൂര്‍ അയ്യന്തോളില്‍ നടന്ന കോര്‍പ്പറേഷന്‍റെ അര്‍ബൻ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മേയറെ പ്രശംസിച്ചുകൊണ്ട് സുരേഷ് ഗോപി വീണ്ടും രംഗത്തെത്തിയത്. തന്‍റെ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങൾക്കുവേണ്ടി തന്‍റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നത് സുരേഷ് ഗോപി ചടങ്ങിനിടെ പറഞ്ഞു.
മേയർക്ക് എതിര് നിൽക്കുന്നവർ ആരാണെന്ന് നിങ്ങൾക്കറിയാമെന്നും അവരെ ജനങ്ങൾ കൈകാര്യം ചെയ്താൽ മതി എന്നും സുരേഷ് ഗോപി വ്യക്തമാക്കി. മേയര്‍-സുരേഷ് ഗോപി അടുപ്പത്തിന് എതിരെ സിപിഐ രംഗത്ത് വന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. തുടര്‍ന്ന് പ്രസംഗിച്ച മേയറും സുരേഷ് ഗോപിയെ പ്രശംസിച്ചു. തൃശൂരിന് സുരേഷ് ഗോപി വൻ പദ്ധതികൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ജനം സുരേഷ് ഗോപിയെ പ്രതീക്ഷയാടെ കാണുന്നുവെന്നും മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. നേരത്തെയും തൃശൂര്‍ മേയറെ പ്രശംസിച്ചുകൊണ്ട് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.
എം കെ വർഗീസിനെ ഒറ്റയാളുടെ പിൻബലത്തിൽ എൽഡിഎഫ് ഭരണം കയ്യാളുന്ന തൃശ്ശൂരിൽ മേയര്‍ക്ക് ബിജെപിയുമായി അടുപ്പം കൂടുതലാണെന്ന് സിപിഐക്ക് പരാതി നേരത്തെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വേറെ കണ്ട് സുരേഷ് ഗോപി വോട്ട് ചോദിച്ചതും അന്ന് മേയർ നടത്തിയ പ്രശംസയും ചില്ലറയൊന്നുമല്ല ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത്. കനത്ത തോൽവിക്ക് പിന്നാലെ മേയര്‍ക്കെതിരെ നിശ്ചിത വിമർശനം സിപിഐ കമ്മിറ്റികളിൽ ഉയരുകയും ചെയ്തു.
എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ മേയര്‍ക്കെതിരെ നിലപാട് എടുക്കണം എന്ന് പരസ്യമായി പറയുകയും ചെയ്തു. സിപിഎം ഇടപെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടെയാണ് വീണ്ടും സുരേഷ് ഗോപിയും മേയറും പരസ്യപ്രകീർത്തനവുമായി രംഗത്തെത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മേയർ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് അഭ്യൂഹവും തൃശ്ശൂരിൽ ശക്തമാണ്.
.
തേക്കിൻകാട് മൈതാനത്ത് സ്പ്രിങ്ക്ളറുകള്‍ സ്ഥാപിക്കും
തൃശൂർ തേക്കിൻകാട് മൈതാനത്ത് ജലസേചനത്തിന് സ്പ്രിങ്ക്ളറുകള്‍ വെയ്ക്കുമെന്ന് പ്രസംഗത്തിനിടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇതിന് കൊച്ചിൻ ദേവസ്വം ബോർഡും മേയറും അനുമതി നല്‍കണമെന്നും പുൽപ്പടർപ്പ് വച്ചുപിടിപ്പിക്കാൻ എന്തു ചെയ്യണം എന്നാലോചിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. മൈതാനം നനക്കാൻ റീസൈക്കിൾ ചെയ്ത വെള്ളം ഉപയോഗിക്കാനാകും.രാവിലെ മൂന്നു മണിക്കൂറും വൈകുന്നേരം മൂന്നു മണിക്കൂറും സ്പ്രിങ്ക്ളറുകള്‍ ഇട്ടാൽ തേക്കൻ കാർഡ് മൈതാനത്തെ ജലദൗബല്യത്തിനും പരിഹാരമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam