
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കാനിരുന്ന തൃശൂരിലെ നാളത്തെ പരിപാടി റദ്ദാക്കി. ദില്ലിയിൽ അടിയന്തരമായി മീറ്റിങ്ങിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടത് പ്രകാരമാണ് സുരേഷ് ഗോപി പരിപാടികൾ റദ്ദാക്കിയത്. ഇതിനാൽ പുലിക്കളി കാണാനും ഓണാഘോഷത്തിലും പങ്കെടുക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ല. തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി മൂന്ന് ലക്ഷം രൂപ അനുവദിക്കുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിപിഎച്ച് സ്കീമിന്‍റെ ഭാഗമായി അനുവദിക്കുന്നത്. എന്നാൽ നാളെ നടക്കുന്ന പുലിക്കളി കാണാൻ നിൽക്കാതെ ദില്ലിയിലേക്ക് തിരിക്കുകയാണ് സുരേഷ് ഗോപി.
കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ അത്തപ്പൂക്കളം വിവാദമായ സ്ഥലം സുരേഷ് ഗോപി സന്ദർശിച്ചിരുന്നു. ഇന്ന് വൈകുന്നേരമാണ് പ്രവർത്തകർക്കൊപ്പം സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. കേസിൽ ഉൾപ്പെട്ടവർക്ക് ക്ഷേത്രത്തിന് മുന്നിലുള്ള പൂക്കളത്തിനുള്ളിൽ സിന്ദൂരം വിതറിക്കൊണ്ട് സുരേഷ് ഗോപി പിന്തുണ അറിയിച്ചു. ആർഎസ്എസുകാരും അനുഭാവികളുമായ 27 പേർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം. എന്നാൽ കേരളത്തിലെ മറ്റു പരിപാടികളിൽ പങ്കെടുക്കാതെ ദില്ലിയിലേക്ക് തിരിക്കുകയാണ് സുരേഷ് ഗോപി.