
തൃശൂര്‍: പിഎം ശ്രീ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒരു പദ്ധതി വന്നുവെന്നും അതിനെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണെന്നും വൈകിയാണെങ്കിലും പദ്ധതിയിൽ ചേര്‍ന്നതിൽ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ആരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നതാണ് നോക്കേണ്ടത്. രാഷ്ട്രീയവും കുത്തിതിരിപ്പും ഇല്ലാത്ത പാവം കുഞ്ഞുങ്ങളാണ് ഇതിന്‍റെ ഗുണഭോക്താക്കള്‍. അവര്‍ക്ക് ഇതിലൂടെ ഗുണം ഉണ്ടാകും. 50വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച സ്കൂളുകളുടെ അപകട ഭീഷണിയിലാണോ നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടതെന്ന് ആലോചിക്കണം. സിപിഐക്ക് അവരുടെ അവകാശമുണ്ട്. സിപിഎമ്മിനും അവരുടെ അവകാശമുണ്ട്. കോണ്‍ഗ്രസിന് അവരുടെ അവകാശമുണ്ട്. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും അവരുടേതായ അവകാശമുണ്ട്. എന്നാൽ, ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വരുത്തരുതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാം നന്നായി വരട്ടെയെന്നും അന്തരീക്ഷം നന്നാവട്ടെയെന്നും രാജ്യത്തിന്‍റെ വികനസനത്തിന് പുതിയ ഒരു അധ്യായം തുറന്നുവരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.