
കണ്ണൂര്‍: തന്‍റെ കലുങ്ക് ചര്‍ച്ചക്കെതിരായ പ്രചരണത്തിനെതിരെ സുരേഷ് ഗോപി. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കലുങ്ക് ചര്‍ച്ചകളിൽ ജനാധിപത്യത്തിന്‍റെ നൈര്‍മല്യമുണ്ടെന്നും പ്രജ എന്ന് പറഞ്ഞാൽ എന്താണ് പ്രശ്നമെന്നും പ്രജ എന്താണെന്ന് ആദ്യം പഠിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. മിനിഞ്ഞാന്ന് പറഞ്ഞ കലുങ്ക് ചര്‍ച്ചയ്ക്ക് 'സര്‍ജിക്കൽ സ്ട്രൈയ്ക്ക്' ഉണ്ടാകും. കലുങ്ക് ചര്‍ച്ചകള്‍ക്ക് വരുന്ന ജനങ്ങള്‍ക്കെല്ലാം അത് ഗുണകരമാണ്. ജനസമ്പര്‍ക്കത്തിന്‍റെ നൈര്‍മല്യം അതിനുണ്ട്. അവിടെയിരുന്ന് കേള്‍ക്കുന്നവര്‍ക്കും അവരോട് സംസാരിക്കുന്നവര്‍ക്കും രാഷ്ട്രീയ ശുദ്ധിയും മനശുദ്ധിയും അനിവാര്യതയായിരുന്നു. അത് സംഭവിച്ചു തുടങ്ങിയതാണ് എതിരാളികളെ ഭയപ്പെടുത്തുന്നത്. അതാണ് അവരുടെ വ്യാകുലത. ഒന്നിനെയും താൻ വെറുതെ വിടില്ല.
താൻ എല്ലാകാര്യവും തുറന്നുപറയുന്നയാളാണ്. കേരളത്തിൽ ഇപ്പോള്‍ ഒരു പ്രശ്നം ഉണ്ട്. എല്ലാം വളച്ചൊടിക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും സുരേഷ് ഗോപി പറഞ്ഞു. സി സദാനന്ദനെ എംപിയായി വിലസാൻ അനുവദിക്കില്ലെന്ന സിപിഎം നേതാവ് എംവി ജയരാജന്‍റെ പരാമര്‍ശനത്തിനും സുരേഷ് ഗോപി എംപി മറുപടി നൽകി. സി സദാനന്ദന്‍റെ പാര്‍ലമെന്‍റ് അംഗത്വം കണ്ണൂരിലെ ജയരാജൻമാരിൽ അങ്കലാപ്പ് ഉണ്ടാക്കിയെന്നും കണ്ണൂരിലേക്ക് കയ്യെത്തി പിടിക്കാനുള്ള ആദ്യത്തെ വാതിൽ തുറക്കലാണിതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. സി സദാനന്ദൻ എംപിയുടെ ഓഫീസ് ഉടൻ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും തന്നെ ഒഴിവാക്കി സി സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിൽ സി സദാനന്ദൻ എംപിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam