
തൃശൂർ: 60 വർഷമായി ദിവസവും തുടരുന്ന ഒരപൂർവ യാത്രയുടെ കഥ. തൃശൂരിലെ ചാലക്കുടിയിൽ നിന്ന് 60 കിലോമീറ്റർ അകലെ മട്ടാഞ്ചേരിയിലേക്ക് 60 വർഷം ആയി ദിവസവും യാത്ര ചെയ്യുന്ന കല്ലേലിൽ വർഗീസ് എന്ന 77 വയസ്സുകാരനെ പരിചയപ്പെടാം. ബോട്ടിലും ബസിലും ട്രെയിനിലുമായിട്ടാണ് വർഗീസിന്‍റെ യാത്ര.
60 വർഷമായി ഒരു മടുപ്പുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്ത് ജോലി ചെയ്യുന്നുവെന്ന് വർഗീസേട്ടൻ തന്നെ പറയും: "ആദ്യമൊന്നും വണ്ടിയിൽ തിരക്കുണ്ടായിരുന്നില്ല. ഇപ്പോൾ തിരക്കായി. ഞാൻ പോയിത്തുടങ്ങുമ്പോൾ കൽക്കരി വണ്ടിയായിരുന്നു. ഇവിടെ നിന്ന് എറണാകുളം എത്തുമ്പോഴേക്കും ഷർട്ടെല്ലാം കരിയാവും. ഇന്ന് പക്ഷേ ബോഗികളെല്ലാം പഴയതുപോലെയല്ല കൂടുതൽ നന്നായി. 17ാം വയസ്സിൽ തുടങ്ങിയ യാത്രയാണ്. തൃശൂരിൽ നിന്ന് എറണാകുളം നോർത്തിലിറങ്ങി ബസ് കയറി ബോട്ട് ജെട്ടിയിലിറങ്ങി ബോട്ടിൽ മട്ടാഞ്ചേരിയിലെത്തും. ഇതെല്ലാം ജോലിയുടെ ഭാഗമല്ലേ. പോയല്ലേ പറ്റൂ. എറണാകുളം - ചാലക്കുടി ഒരു വർഷത്തേക്ക് 2000 രൂപയാണ് എന്‍റെ ടിക്കറ്റ് ചാർജ്. സൂപ്പർ ഫാസ്റ്റൊന്നും എടുക്കാറില്ല. സുഹൃത്തുക്കളൊക്കെ ഉള്ളതുകൊണ്ട് നല്ല ടൈം പാസ്സാണ്. കൂട്ടുകാര് ഒരുമിച്ചുള്ള യാത്ര ഒരു സുഖ യാത്രയാണ്"
മട്ടാഞ്ചേരി ഹോൾ സെയിൽ മാർക്കറ്റിലാണ് കല്ലേലിൽ വർഗീസ് ജോലി ചെയ്യുന്നത്. വർഗീസേട്ടൻ ട്രെയിനിലുണ്ടെങ്കിൽ ഭയങ്കര എനർജിയാണെന്ന് സ്ഥിര യാത്രക്കാർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam