കുത്തിയത് ശിവരഞ്ജിത്, അക്രമികളിൽ പുറത്തു നിന്നുള്ളവരും, ഇന്ന് അഖിലിന്‍റെ മൊഴിയെടുക്കും

By Web TeamFirst Published Jul 14, 2019, 8:49 AM IST
Highlights

താനും സിപിഎം അനുഭാവിയാണ്. പക്ഷേ, മകനെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അഖിലിന്‍റെ അച്ഛൻ ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 

തിരുവനന്തപുരം: തന്നെ കുത്തിയത് യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് തന്നെയാണെന്ന് അഖിൽ പറഞ്ഞതായി അച്ഛൻ ചന്ദ്രൻ. അക്രമത്തിൽ പുറത്തു നിന്നുള്ളവരും പങ്കെടുത്തിരുന്നു. പൊക്കം കുറഞ്ഞ ചിലരെ കണ്ടാലറിയാമെന്നും അഖിൽ പറഞ്ഞതായി അച്ഛൻ ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ള അഖിലിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് മൊഴി രേഖപ്പെടുത്താൻ പൊലീസിന് ഡോക്ടർമാർ അനുമതി നൽകിയേക്കും.

കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്നും അതിനായി ബാക്കിയുള്ളവർ തന്നെ പിടിച്ചു വച്ചുവെന്നും അഖിൽ പറഞ്ഞതായി ചന്ദ്രൻ പറയുന്നു. തന്നെ ആക്രമിക്കാനായി ബോധപൂർവം പ്രശ്നമുണ്ടാക്കുകയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ. തന്നെ പിടിച്ചു വച്ചതും പിന്നീട് പ്രശ്നമുണ്ടാക്കിയവരെയും കണ്ടാലറിയാം. കുത്തിയതിന് ശേഷവും എസ്എഫ്ഐക്കാർ വന്ന് ഭീഷണിപ്പെടുത്തിയെന്ന് അഖിൽ പറഞ്ഞതായി അച്ഛൻ വ്യക്തമാക്കി. കുത്തിയതിന് പരാതി കൊടുക്കരുതെന്നായിരുന്നു എസ്എഫ്ഐക്കാരുടെ ഭീഷണി. 

താനും സിപിഎം അനുഭാവിയാണെന്നും പക്ഷേ, മകനെ കുത്തിയവർക്കെതിരെ കർശന നടപടി വേണമെന്നും ചന്ദ്രൻ ആവശ്യപ്പെടുന്നു. പാർട്ടി നേതൃത്വവുമായി സംസാരിച്ചിരുന്നു. എല്ലാ പിന്തുണയും പാർട്ടി നേതൃത്വം ഉറപ്പു നൽകി. പ്രതികളെ പൊലീസ് ഉടൻ പിടികൂടുമെന്നാണ് വിശ്വാസമെന്നും ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അഖിലിനെ കൊല്ലാനായി ബോധപൂർവം കുത്തുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. അഖിലിന്‍റെ നെഞ്ചത്ത് ഹീറോ പേന പോലുള്ള കത്തി കൊണ്ട് കുത്തി, തിരിച്ചു. ഇങ്ങനെ രണ്ട് തവണയാണ് കുത്തിയത്. ആദ്യം ചെറിയ പരിക്കാണെന്നാണ് കരുതിയത്. ഇത്ര ആഴത്തിൽ കത്തി കയറ്റിയെന്ന് അറിഞ്ഞിരുന്നില്ല. 

കൊല്ലാനുദ്ദേശിച്ചാണ് കത്തി കൊണ്ട് കുത്തിക്കയറ്റി, വട്ടത്തിൽ തിരിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആന്തരിക രക്തസ്രാവമുണ്ടായതിനാൽ അഖിലിന് വ്യാഴാഴ്ച അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. അഖിലിന്‍റെ കരളിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 

അതേസമയം, ഇന്ന് കണ്ടാലറിയാവുന്ന ഒരാളെ മാത്രമാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതികൾക്കായി തെരച്ചിലോ, അറസ്റ്റോ ഇല്ല. മൂക്കിൻതുമ്പത്തുള്ളവരെ പിടിക്കാതെ, സംരക്ഷിച്ചു നിർത്തുകയാണ് പൊലീസെന്ന തരത്തിൽ പ്രതിഷേധം ശക്തമാണ് വിദ്യാ‍ർത്ഥികൾക്കിടയിൽ. അടിയന്തരമായി അറസ്റ്റുണ്ടായില്ലെങ്കിൽ വീണ്ടും ക്യാംപസിൽ എസ്എഫ്ഐക്കെതിരെ വാർത്താ സമ്മേളനം നടത്താനും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികൾ ആലോചിക്കുന്നു.

Read More: യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: 'കണ്ടാലറിയുന്ന' ഒരു പ്രതി പിടിയിൽ, മുഖ്യപ്രതികൾ എവിടെയെന്നറിയില്ല

പ്രതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം, അമർ, അദ്വൈത്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവരാണ് രണ്ട് ദിവസമായി ഒളിവിൽ തുടരുന്നത്. പ്രതികളെ പിടികൂടാൻ ശ്രമം തുടരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പാർട്ടി നേതാക്കൾ ഇടപെട്ട് ഇവർ കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായും വിവരമുണ്ട്. പ്രതികളിൽ ഒന്നോ രണ്ടോ പേർ മാത്രം ഉടൻ കീഴടങ്ങിയേക്കാനാണ് സാധ്യത.

click me!