യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസ്; മുഖ്യപ്രതികളെ ഇന്ന് കോളജിലെത്തിക്കും, കത്തിക്കായി തെളിവെടുപ്പ്

By Web TeamFirst Published Jul 19, 2019, 6:56 AM IST
Highlights

ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെയാണ് തെളിവെടുപ്പിനെത്തിക്കുക. അഖിലിനെ കുത്തിയ കത്തി കോളേജില്‍ നിന്ന് കണ്ടെടുക്കുകയാണ് ലക്ഷ്യം. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘർഷമുണ്ടായ സ്ഥലത്താണ് തെളിവെടുപ്പിന് കൊണ്ടുപോകുക.

അഖിലിനെ കുത്തിയ ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. കേസിലെ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം, യൂണിവേഴ്സിറ്റി കോളേജിനും പിഎസ്‍സിക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കാണും.

ആക്രമണത്തിന്‍റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. എസ്എഫ്ഐ അംഗങ്ങളുടെ ധാർഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഒന്ന് മുതൽ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞ് നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. 

click me!