യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: എട്ട് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസിറങ്ങി

By Web TeamFirst Published Jul 14, 2019, 3:09 PM IST
Highlights

എഫ്ഐആറിൽ പേര് ചേർക്കാത്ത അമർ എന്ന വിദ്യാർത്ഥിക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും, പ്രതികളെ തൊടുന്നില്ല പൊലീസ്, എന്ന ആരോപണവും ശക്തമാണ്. 

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിൽ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിൽ എട്ട് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസിറങ്ങി. ഒന്നാം പ്രതി ശിവരഞ്‍ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമർ, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമൽ, ഏഴാം പ്രതി ആദിൽ, എട്ടാം പ്രതി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. 

എഫ്ഐആറിൽ പേര് ചേർക്കാത്ത അമർ എന്ന വിദ്യാർത്ഥിക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റി അംഗമാണ് അമർ. അമറും അഖിലിനെ ആക്രമിച്ച വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

സംഘര്‍ഷത്തിൽ അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന ആരോപണം വ്യാപകമായി ഉയരുമ്പോഴാണ് പൊലീസ് നടപടി. എസ്എഫ്ഐ പ്രവര്‍ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാബ് മാത്രമാണ് ഇത് വരെ പിടിയിലായത്. യൂണിറ്റ് പ്രസിഡന്‍റ്  ശിവരഞ്ജിത് ആണ് കുത്തിയത് എന്നതടക്കം വ്യക്തമായ മൊഴി ഉണ്ടായിട്ടും പ്രധാന പ്രതികളെ ആരെയും പിടികൂടാനോ ചോദ്യം ചെയ്യാനോ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. 

കോളേജിന് പുറത്ത് നിന്നുള്ളവരും സംഘത്തിലുണ്ടെന്ന് അഖിലും അച്ഛൻ ചന്ദ്രനും അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികൾ അടക്കമുള്ളവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം രാത്രി റെയ്‍ഡ് നടത്തിയിരുന്നു. എന്നാൽ പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടി ഓഫീസുകളിൽ അടക്കം പരിശോധന നടത്താൻ പൊലീസ് നടപടികളൊന്നും ഇതുവരെ തയ്യാറായിട്ടില്ല. 

അന്വേഷണ സംഘത്തിന് ഇന്നും അഖിലിന്‍റെ മൊഴി രേഖപ്പെടുത്താനായില്ല. അന്വേഷണ സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാവൂ എന്ന് ഡോക്ടർമാർ അറിയിച്ചെന്ന് കൺഡോൺമെന്‍റ് സിഐ അനിൽകുമാർ പറഞ്ഞു. 

അതേസമയം, കൊല്ലണം എന്ന് ഉദ്ദേശിച്ച് തന്നെയാണ് അഖിലിനെ കുത്തിയതെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നേ തീരൂ എന്നും അഖിലിന്‍റെ അച്ഛൻ പ്രതികരിച്ചു.

Read also: കുത്തിയത് ശിവരഞ്ജിത്, അക്രമികളിൽ പുറത്തു നിന്നുള്ളവരും, ഇന്ന് അഖിലിന്‍റെ മൊഴിയെടുക്കും 

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിൽ പ്രധാന പ്രതികളായ ശിവരഞ്ജിത്തും നിസാമും ഉൾപ്പെട്ട പിഎസ്‍സി റാങ്ക് ലിസ്റ്റും വിവാദത്തിലായി. പൊലീസ് റാങ്ക് ലിസ്റ്റിൽ ഇവര്‍ ഉൾപ്പെട്ടതിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Read also: പ്രതികളായ എസ്എഫ്ഐക്കാർ പിഎസ്‍സി റാങ്ക് ലിസ്റ്റിൽ വന്നതെങ്ങനെ? അന്വേഷിക്കാൻ പൊലീസ് 

യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമത്തിൽ എസ്എഫ്ഐയെ തിരുത്താൻ തയ്യാറാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. 

Read also: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: എസ്എഫ്ഐയെ തിരുത്തുമെന്ന് തോമസ് ഐസക്

click me!