തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ സംഘർഷത്തിൽ വിദ്യാർ‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്‍സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്ന് പൊലീസ് അന്വേഷിക്കും. സ്പെഷ്യൽ ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. യൂണിവേഴ്‍സിറ്റി കോളേജിൽത്തന്നെയുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഇരുവരും പരീക്ഷയെഴുതിയതെന്നാണ് സൂചന. പരീക്ഷയിൽ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയിൽ വരിക.

പരീക്ഷയിൽ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും. ഇരുവരും പിഎസ്‍സി റാങ്ക് പട്ടികയിൽ വന്നതിൽ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം.

Read More: യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: 'കണ്ടാലറിയുന്ന' ഒരു പ്രതി പിടിയിൽ, മുഖ്യപ്രതികൾ എവിടെയെന്നറിയില്ല 

ശിവരഞ്ജിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിൽ ഒന്നാം റാങ്കാണ്. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. 78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്പോര്‍ട്‍സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് ലഭിച്ചു. 

രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.