എസ്എഫ്ഐ തെറ്റ് തിരുത്തണം, സംഘർഷം ദൗർഭാഗ്യകരം, ന്യായീകരിക്കില്ലെന്ന് കോടിയേരി

By Web TeamFirst Published Jul 14, 2019, 1:49 PM IST
Highlights

കുത്തേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി അഖിലിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായ സംഘർഷങ്ങൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്എഫ്ഐ തെറ്റുതിരുത്തണം. കോളേജിലുണ്ടായ സംഘർഷവും കത്തിക്കുത്തും ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാനാവുന്നതല്ലെന്നും കോടിയേരി പറഞ്ഞു. കുത്തേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി അഖിലിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണമായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതിന്‍റെ പേരിൽ സമൂഹത്തിലും വിദ്യാ‍ർത്ഥി സമൂഹത്തിനിടയിലും തെറ്റിദ്ധാരണകളുണ്ടാക്കുന്ന രീതിയിൽ ആരും പെരുമാറാൻ പാടില്ല. ആ സംഭവത്തിന്‍റെ ഗൗരവത്തിനനുസരിച്ചുള്ള ഇടപെടലുകൾ ഇപ്പോൾത്തന്നെ ഉണ്ടായിട്ടുണ്ട്. ഭാവിയിലും അത്തരം എസ്എഫ്ഐയുടെ ഭാഗത്തു നിന്നും അത്തരം നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.  

അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ഒരു നടപടികളും സിപിഎമ്മിന്‍റെ ഭാഗത്തു നിന്നുണ്ടാകില്ല. തെറ്റുതിരുത്തി മുന്നോട്ടു പോകേണ്ടത് എസ്എഫ്ഐയാണ്. അവർ അങ്ങനെ ചെയ്യുമെന്ന് തന്നെയാണ് കരുതുന്നതെന്നും കോടിയേരി പറഞ്ഞു. 

Read More: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: പ്രതികളെ തൊടാതെ പൊലീസ്

എസ്എഫ്ഐ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയാണ്. സിപിഎമ്മുകാരും അല്ലാത്തവരും എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നുണ്ട്. പാർട്ടിയുടെ തീരുമാനം സംഘടനയ്ക്ക് മേൽ അടിച്ചേൽപ്പിക്കാറില്ല. സംഘടനയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ഇപ്പോൾത്തന്നെ തെറ്റ് ചെയ്തെന്ന് കണ്ടവർക്ക് മേൽ നടപടിയെടുത്തിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

യൂണിറ്റ് കമ്മിറ്റി ഓഫീസിൽ നിന്ന് കഠാരയും മദ്യക്കുപ്പിയും കണ്ടെടുത്തതിനെക്കുറിച്ച് അറിയില്ലെന്നും അതേക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും കോടിയേരി പറഞ്ഞു. കോളേജ് അവിടെ നിന്ന് മാറ്റണമെന്ന് നേരത്തേയും രാഷ്ട്രീയ ശത്രുക്കൾ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അതിനുള്ള ഉപകരണമായി അവിടുത്തെ നേതാക്കൾ മാറാനോ, അത്തരം അവസരം യുഡിഎഫുകാരടക്കമുള്ളവർക്ക് നൽകാനോ പാടില്ല. സാംസ്കാരിക പ്രബുദ്ധതയുള്ള തിരുവനന്തപുരത്തെ നഗരവാസികൾ തന്നെയാണ് മുമ്പുണ്ടായിരുന്ന ഇത്തരം നീക്കത്തെ എതിർത്ത് തോൽപിച്ചതെന്നും, അത് ഇനിയുമുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. 

''ഒരു കോളേജിൽ സംഘർഷം നടക്കുന്നതിന്‍റെ പേരിൽ ആ കോളേജ് തന്നെ മാറ്റണമെന്ന നിലപാട് നടക്കുന്ന കാര്യമാണോ? മട്ടന്നൂർ കോളേജിൽ പണ്ട് കെഎസ്‍യുവിന്‍റെ തന്നെ മാഗസിൻ എഡിറ്ററെ കെഎസ്‍യുക്കാർ തല്ലിക്കൊന്നു. അതിന്‍റെ പേരിൽ മട്ടന്നൂർ കോളേജ് തന്നെ മാറ്റിയോ? അത്തരം നടപടികളുണ്ടായാൽ കർശന നടപടികളും, തിരുത്തൽ നടപടികളുമാണ് വേണ്ടത്. അത്തരം നടപടികൾ എസ്എഫ്ഐ സ്വീകരിക്കും'', കോടിയേരി പറഞ്ഞു. 

പാർട്ടി പിന്തുണ ഉറപ്പു നൽകിയെന്ന് അഖിലിന്‍റെ അച്ഛൻ

പാർട്ടിയുടെ എല്ലാ പിന്തുണയും കോടിയേരി ഉറപ്പ് നൽകിയെന്ന് അഖിലിന്‍റെ അച്ഛൻ ചന്ദ്രൻ. താനും സിപിഎം അനുഭാവിയാണെന്നും പക്ഷേ, മകനെ കുത്തിയവർക്കെതിരെ കർശന നടപടി വേണമെന്നും ചന്ദ്രൻ ആവശ്യപ്പെടുന്നു. എല്ലാ പിന്തുണയും പാർട്ടി തരുമെന്ന് പറഞ്ഞിട്ടുണ്ട്. പ്രതികളെ പൊലീസ് ഉടൻ പിടികൂടുമെന്നാണ് വിശ്വാസമെന്നും ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!