
ഇടുക്കി: ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പഠിച്ച് ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തിയിട്ടും പാതി വഴിക്ക് പഠനം ഉപേക്ഷിച്ച് പോരേണ്ടി വന്ന അനുഭവ കഥയാണ് ഇടുക്കി സ്വദേശി സോന സിബിക്ക് പറയാനുള്ളത്. ഏറെ പ്രതീക്ഷകളോടെയാണ് 2018 ജൂൺ മുപ്പതിന് യൂണിവേഴ്സിറ്റി കോളേജിന്‍റെ പടികയറുന്നത്. ക്ലാസിലെത്തിയ ആദ്യ ദിനം തന്നെ പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു എന്നാണ് സോന പറയുന്നത്.
ക്ലാസിൽ കയറി വന്ന എസ്എഫ്ഐ നേതാക്കൾ ഡെസ്കിൽ അടിച്ചും പരുഷമായി സംസാരിച്ചും ഭീകരതയുണ്ടാക്കി. കാശുവാങ്ങി നിര്‍ബന്ധിച്ച് ക്ലാസിലെ എല്ലാ കുട്ടികളിൽ നിന്നും എസ്എഫ്ഐയിൽ മെമ്പര്‍ഷിപ്പെടുപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളും വ്യത്യസ്തമായിരുന്നില്ല. ക്ലാസിന് പുറത്ത് പോകാനും കോളേജിൽ നിന്ന് പുറത്ത് പോകാനും വീട്ടിൽ പോകാനും വരെ എസ്എഫ്ഐയുടെ അനുവാദം വാങ്ങേണ്ട അവസ്ഥയായിരുന്നു . അനുസരിച്ചില്ലെങ്കിൽ പഠനം നിര്‍ത്തി പോകേണ്ടിവരുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും സോന പറയുന്നു.
സമരങ്ങൾക്കും മറ്റ് പരിപാടികൾക്കും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് കൊണ്ട് പോകാറുണ്ടെന്ന ആരോപണം സോനയും ശരിവക്കുന്നു. വനിതാമതിലിൽ പങ്കെടുക്കാൻ നിര്‍ബന്ധിച്ചാണ് കൊണ്ടുപോയത്. താൽപര്യം ഉണ്ടോ എന്ന ചോദ്യത്തിന് പോലും അവിടെ പ്രസക്തിയില്ലായിരുന്നൂ എന്നാണ് സോന വെളിപ്പെടുത്തുന്നത്.
പഠനാന്തരീക്ഷം പ്രതീക്ഷിച്ചെത്തിയ കോളേജിൽ ഭീഷണിയും പേടിയും മാത്രമായപ്പോഴാണ് പഠനം ഉപേക്ഷിച്ച് കോളേജിന്‍റെ പടിയിറങ്ങാൻ തീരുമാനിച്ചതെന്നും സോന പറയുന്നു. കാത്തിരിപ്പിന് ശേഷം മറ്റൊരു കോളേജിൽ പ്രവേശനം കിട്ടിയെങ്കിലും വിദ്യാര്‍ത്ഥി ജീവിതത്തിനിടെ നഷ്ടമായ വിലപ്പെട്ട ഒരു വര്‍ഷത്തിന് ആര് സമാധാനം പറയുമെന്നാണ് സോനയുടെ ചോദ്യം. "
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam