യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം; കുത്തേറ്റ് ചികിത്സയിലായിരുന്ന അഖിൽ ആശുപത്രി വിട്ടു

By Web TeamFirst Published Jul 22, 2019, 5:51 PM IST
Highlights

കോളേജിനകത്ത് വച്ച് തന്നെ കുത്തിയത് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായിരുന്ന ശിവര‍ഞ്ജിത്താണെന്ന് ‌പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ അഖിൽ പൊലീസിൽ മൊഴി നൽകിയിരുന്നു. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിനിടെ കുത്തേറ്റ മൂന്നാം വർഷ വിദ്യാർഥി അഖിൽ ആശുപത്രി വിട്ടു. ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെങ്കിലും രണ്ട് മാസത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ​അഖിലിനെ കാണാന്‍ കൂടുതല്‍ സന്ദർശകരെ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അഖിൽ പത്ത് ദിവസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്. 

ഈ മാസം 12ന് യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് അഖിലിന് നെഞ്ചില്‍ കുത്തേറ്റത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഖിലിനെ അടിയന്തര ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി അഖില്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു. മരണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അഖിൽ രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അതേസമയം, പവർ ലിഫ്റ്റിംഗ് ചാമ്പ്യനായ അഖിലിന് ഇനി മത്സരരംഗത്തേക്ക് തിരിച്ചുവരാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്.

അഖിലിനെ കുത്തിയ കേസിൽ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായിരുന്ന ശിവര‍ഞ്ജിതടക്കം ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നസീം, ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരാണ് അറസ്റ്റിലായത്. തന്നെ കുത്തിയത് ഇവരാണെന്ന് അഖില്‍ പൊലീസിൽ മൊഴി നല്‍കിയിരുന്നു

click me!