മദ്യം, മയക്കുമരുന്ന്, ക്രിമിനൽ കേസ് പ്രതികളെ ഒളിപ്പിക്കൽ: എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി നിഖില

By Web TeamFirst Published Jul 13, 2019, 12:10 PM IST
Highlights

എസ്എഫ്ഐ നേതാക്കൾ പിന്നാലെ നടന്ന് ഉപദ്രവിച്ചു. പ്രിൻസിപ്പാളിനോട് കരഞ്ഞു പറഞ്ഞിട്ടും ഫലമുണ്ടായില്ല. കൂട്ടുകാരെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് ജീവൻ കളയാൻ പോലും തയ്യാറായതെന്ന് യൂണിവേഴ്സിറ്റി കോളേജിലെ മുൻ വിദ്യാര്‍ത്ഥിനി നിഖില. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ വിദ്യാര്‍ത്ഥിനി നിഖില. ക്യാമ്പസിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് എസ്എഫ്ഐ നേതാക്കളാണ്. മദ്യവും മയക്കുമരുന്നും വരെ ക്യാമ്പസിലുണ്ട്. വിവിധ കേസിലുള്ള പ്രതികൾ ഒളിവിൽ കഴിയുന്നത് ക്യാമ്പസിന് അകത്താണെന്നും പ്രിൻസിപ്പാൾ പോലും എസ്എഫ്ഐയുടെ കയ്യിലെ പാവയാണെന്നും യൂണിവേഴിസിറ്റി കോളേജിൽ നിന്ന് പഠനമുപേക്ഷിച്ച് പോയ നിഖില പറയുന്നു. യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റിന്‍റെ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങൾ ആദ്യം ചര്‍ച്ചയായതും നിഖിലയുടെ ചെറുത്ത് നിൽപ്പോടെയായിരുന്നു. 

പഠിക്കാനുള്ള നല്ല അവസരം വേറെ കിട്ടിയിട്ടും നല്ലരീതിയിൽ പഠിക്കണം എന്ന് ആഗ്രഹിച്ചാണ് യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുത്തത്. മികച്ച ലൈബ്രറി സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് കോളേജിൽ ചേരുമ്പോഴുണ്ടായിരുന്ന പരിഗണന. എന്നാൽ പ്രതീക്ഷിച്ചതോ സ്വപ്നം കണ്ടതോ ആയ അനുഭവമല്ല യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായതെന്നാണ് നിഖില പറയുന്നത്. 

കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എസ്എഫ്ഐ ആണെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്. ചോദ്യം ചെയ്താൽ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങൾക്കും പ്രകടനങ്ങൾക്കും നിര്‍ബന്ധിച്ച് കൊണ്ട് പോകും. സമരപരിപാടികൾക്ക് പങ്കെടുക്കുന്നു എന്ന് ഉറപ്പ് വരുത്താൻ ഡിപ്പാര്‍ട്ട്മെന്‍റിൽ വേറെ വിദ്യാര്‍ത്ഥികളെ ഏര്‍പ്പാടാക്കിയിരുന്നു എന്നും നിഖില പറയുന്നു. 

പഠന സാഹചര്യം നഷ്ടപ്പെടുത്തുന്ന എസ്എഫ്ഐ നയങ്ങളിൽ എതിര്‍പ്പ് അറിച്ചപ്പോൾ മാനനസികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അധ്യാപകര്‍ പോലും ഒപ്പം നിൽക്കാനുണ്ടായില്ല. അവരങ്ങനെയാണെന്ന പ്രതികരണമാണ് പലപ്പോഴും അധ്യാപകരിൽ നിന്ന് ഉണ്ടായത്. തിരഞ്ഞുപിടിച്ച് ഉപദ്രവം പതിവായപ്പോൾ പ്രിൻസിപ്പാളിനെ കണ്ട് കാര്യങ്ങൾ കരഞ്ഞ് പറഞ്ഞു. പക്ഷെ പ്രിൻസിപ്പാളിന്‍റെ പ്രതികരണം തീര്‍ത്തും നിരാശാ ജനകമാണെന്നും നിഖില പറഞ്ഞു. 

അങ്ങേഅറ്റം മനസ് മടുത്താണ് ജീവിതം അവസാനിപ്പിക്കാൻ പോലും തീരുമാനിച്ചത്. കൂട്ടുകാര്‍ക്കെങ്കിലും മികച്ച പഠനത്തിന് അവസരം കിട്ടട്ടെ എന്ന് മാത്രമാണ് കരുതിയത് എന്നും നിഖില പറഞ്ഞു. വിവിധ കേസുകളിൽ പ്രതിയാകുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒളിവിൽ കഴിയുന്നത് പോലും കോളേജിന് അകത്താണ്. പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ടവര്‍ ഒളിവിൽ താമസിച്ചത് ക്യാമ്പസിനകത്താണ്. യൂണിറ്റ് റൂമെന്ന് പറയുന്ന സംവിധാനം കോളേജിന് അകത്ത് ഉണ്ട്. കോളേജ് വിലക്കെടുത്ത പോലെയാണ് എസ്എഫ്ഐ നേതാക്കൾ പെരുമാറുന്നതെന്നും രാത്രിയും പകലും തോന്നിയപോലെയാണ് സാമസിക്കുന്നതെന്നും  മദ്യവും മയക്കുമരുന്നും പോലും ക്യാമ്പസിന് അകത്ത് ഉണ്ടെന്നും നിഖില പറയുന്നു."

 

click me!