
മലപ്പുറം: ലഹരി ഉപയോഗം സംബന്ധിച്ച് വിചിത്ര ഉത്തരവുമായി കാലിക്കറ്റ് സര്‍വ്വകലാശാല. 2020-21 അധ്യായന വർഷം മുതൽ അഡ്മിഷൻ സമയത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ പ്രവേശം ലഭിക്കൂ എന്നാണ് ഉത്തരവിൽ പറയുന്നത്. ലഹരി വിരുദ്ധകമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫെബ്രുവരി 27ന് പുതിയ ഉത്തരവ് ഇറക്കിയത്.
ലഹരി ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലം നൽകണമെന്ന് മാത്രമല്ല ഇത്തരം പ്രവര്‍ത്തികൾ ചെയ്താൽ അതിനുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും എഴുതി നൽകണമെന്നും അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറിൽ പറയുന്നുണ്ട്. ലഹരി വിരുദ്ധ കമ്മിറ്റിയിൽ എടുത്ത തീരുമാനത്തിന്‍റെ ഭാഗമാണ് സര്‍ക്കുലറെന്നും വിശദീകരണം ഉണ്ട്.
ഇത് സംബന്ധിച്ച് വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡീൻ എല്ലാ കോളജുകൾക്കും സർവ്വകലാശാല വിവിധ വകുപ്പ് തലവന്മാർക്കും ഇ മെയിൽ അയച്ചു. മദ്യം ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നവരുടെ മക്കൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ ഇനിമുതൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശം ലഭിക്കില്ലെന്നാണ് പറയുന്നത്.
സര്‍ക്കുലര്‍ ഇറങ്ങിയത് അറിവോടെയല്ലെന്നാണ് രജിസ്ട്രാറുടെ വിശദീകരണം. മദ്യ വരുദ്ധ കമ്മിറ്റിയിൽ രജിസ്ട്രാര്‍ അംഗമല്ല, അതുകൊണ്ടുതന്നെ ഏത് സാഹചര്യത്തിലാണ് സര്‍ക്കുലര്‍ ഇറങ്ങിയതെന്ന് അറിയില്ലെന്നും രജിസ്ട്രാര്‍ പറയുന്നു. ലഹരി വിരുദ്ധ കമ്മിറ്റിയുടെ പല ശുപാര്‍ശകളിൽ ഒന്ന് മാത്രമാണ് ഇത് , അതൊരു നിര്‍ദ്ദേശം മാത്രമാണ്. സിന്‍റികേറ്റ് അടക്കമുള്ള സമിതികൾ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും രജിസ്റ്റര്‍ പറയുന്നു,
പഠനത്തിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികൾ ലഹരി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് പറയാമെങ്കിലും രക്ഷിതാക്കളുടെ കയ്യിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങുന്നത് എന്തിനെന്ന ചോദ്യം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam