
തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും. 90 ദിവസ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് പോറ്റി സ്വാഭാവിക ജാമ്യം തേടുന്നത്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിലും അനുകൂല വിധിയുണ്ടായാൽ പോറ്റി പുറത്തിറങ്ങും. കേസിൽ ഇതുവരെ 3 പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങി. മറ്റൊരു പ്രതിയായ എസ് ശ്രീകുമാറിന് അറസ്റ്റിലായി 43ആം ദിവസം ജാമ്യം നൽകി.
അതേസമയം ശബരിമല സ്വർണ കൊള്ളയിൽ കൂടുതൽ പ്രതികളെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ ഉൾപ്പെടെയുള്ളവർക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സ്വർണ കൊള്ളയ്ക്കൊപ്പം കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ അനുമാനം. കഴിഞ്ഞ ദിവസം ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്‍റെ മൊഴിയിലെ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് ഇ ഡിക്ക് മുരാരി ബാബു മൊഴി നൽകിയത്. സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞ ദിവസം 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് മുരാരി ബാബുവിനെ ഇ ഡി വിട്ടയച്ചത്. ആവശ്യമെങ്കിൽ വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നൽകിയാണ് മുരാരി ബാബുവിനെ വിട്ടയച്ചത്. സ്വർണ കൊള്ള മാത്രമല്ല, കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് ഇ ഡിയുടെ അനുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam