
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കി എസ്ഐടിക്ക് നിർണ്ണായക മൊഴികൾ. ദേവസ്വം ബോർഡ് അധികൃതരെ തങ്ങൾക്ക് പരിചയപ്പെടുത്തിയത് കടകംപള്ളിയാണെന്ന് അന്യസംസ്ഥാന സ്പോൺസർമാരായ രമേശ് റാവുവും ഗോവർദ്ധനും മൊഴി നൽകി. ഒന്നാം പ്രതിയായ പോറ്റിയും നൽകിയത് സമാനമൊഴി. ഇതിനിടെ തനിക്കെതിരെ പോറ്റി ഡിജിപിക്ക് നൽകിയ പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന് കടകംപള്ളി ആരോപിച്ചു
ഉണ്ണികൃഷ്ണൻ പോറ്റിയുടെ തണലിൽ സ്പോണ്‍സർമാരായി ശബരിമലയിൽ എത്തിയ അന്യസംസ്ഥാനത്തെ സ്പോണ്‍സർമാർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിലും ഉദ്യോഗസ്ഥർക്കിടയിലും എങ്ങനെ സ്വാധീനമുണ്ടായെന്നായിരുന്നു എസ്ഐടിയുടെ അന്വേഷണം. ഇതിന് പോറ്റി തന്നെ മൊഴി നൽകി. പോറ്റിയുടെ പരിചയക്കാരായി എത്തിയ രമേശ് റാവു, ഗോവർദ്ധൻ എന്നിവരെ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്നു കടകംപള്ളിയാണ് പരിചയപ്പെടുത്തിയതെന്ന്. സ്പോണ്‍സർമാർക്ക് വേണ്ട സഹായം നൽകണമെന്നും സഹകരിപ്പിക്കണമെന്നും മന്ത്രി വാക്കാൻ നിർദ്ദേശം നൽകിയെന്നാണ് പോറ്റിയുടെ നിർണ്ണായക മൊഴി.
സ്പോണ്‍സർമാരും കടകംപള്ളിയുടെ സഹായം ലഭിച്ചുവെന്ന മൊഴി നൽകി. സ്പോണ്‍സർമാരുടെ ഇടപെടലും സ്വാധീനവും സംബന്ധിച്ച എസ്ഐടി ഒരു മാസം മുമ്പ് ഹൈക്കോടതിയിൽ നൽകിയ വിശദമായ റിപ്പോർട്ടിലാണ് മുൻ മന്ത്രി പരിചയപ്പെടുത്തിതിനെ കുറിച്ച്ുള്ള പരാമർശം. ഇതിൽ കടകംപ്പള്ളിയുടെ വിശദീകരണവും മൊഴിയെടുത്തപ്പോൾ എസ്ഐടി തേടിയിരുന്നുവെന്നാണ് സൂചന. ഇതും റിപ്പോർട്ടിൽ ഉള്‍പ്പെടുന്നുണ്ട്. പോറ്റിയെ കൂടാതെ പോറ്റിയെത്തിച്ച സ്പോണ്‍സർമാരുമായും കടകംപ്പള്ളിക്ക് പരിചയമുണ്ടായിരുന്നുവെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സ്വർണകൊള്ളയിൽ കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടന്നതോടെ അന്വേഷണം മരവിച്ച അവസ്ഥയിലാണ്. ജാമ്യത്തിലിറങ്ങിയ പോറ്റി കടകംപള്ളിക്കെതിരെ ഗൂഡാലോചന പരാതി നൽകിയതോടെയാണ് അടുത്ത കുരുക്ക് . പോറ്റി ഭൂമി തട്ടിയെടുത്തതായി കഴക്കൂട്ടം സ്വദേശിയായ പ്രതിഭ എന്ന സ്ത്രീ ഡിജിപിക്ക് പരാതി നൽകിയിരുന്നു. തന്നെ കുരുക്കാൻ കടകംപ്പള്ളി നടത്തി ഗൂഡാലോനയാണെന്നും കടകംപ്പള്ളി തുമ്പ പൊലിസ് സ്റ്റേഷനിൽ വച്ച് പ്രതിഭയുമായി ബന്ധെട്ട സാമ്പത്തിക പ്രശ്നം ഒത്തു തീർപ്പാക്കിയെന്നുമാണ് പോറ്റിയുടെ ആരോപണം. ഇതെല്ലാം കടകംപള്ളി നിഷേധിച്ചു.
തനിക്കറിയാവുന്ന പ്രതിഭ കായംകുളം എംഎൽഎ മാത്രമെന്നാണ് കടകംപള്ളി പറയുന്നത്. എന്നാൽ പ്രതിഭയുടെ സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചിലർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് കടകംപള്ളി സമ്മതിക്കുന്നുണ്ട്. പക്ഷെ സഹായം ചെയ്തില്ലെന്നാണ് വിശദീകരണം. പോറ്റിക്കെതിരെ നൽകിയ പരാതി എസ്ഐടിക്കാണ് കൈമാറിയത്. പക്ഷെ സ്വർണകൊള്ളയുമായി നേരിട്ട് ബന്ധമില്ലാത്ത പരാതി ആയതിനാൽ അന്വേഷണം ഇതേവരെ തുടങ്ങിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam