
കൊച്ചി: പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐക്ക് വിവരങ്ങൾ കൈമാറിയെന്ന ആരോപണത്തിൽ ദക്ഷിണ നാവിക കമാൻഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ യുപി ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. യുപിയിലെ ആഗ്ര ജില്ലയിലെ ചിറ്പൂർ സ്വദേശിയും കൊച്ചി നാവിക താവളത്തിലെ ലീഡ് മെക്കാനിക്കുമായ ആദർശ് കുമാർ (ലക്കി-24) ആണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് യുപി എടിഎസ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ റിമാൻഡിലാണ്.
കൊച്ചിയിൽ ഏകദേശം ഒരു വർഷമായി ജോലി ചെയ്തിരുന്ന ആദർശ് കുമാർ, നാവികസേനയുടെ യുദ്ധ കപ്പലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ദൃശ്യങ്ങൾ, രേഖകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഐഎസ്ഐക്ക് കൈമാറിയതായി എടിഎസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. രഹസ്യ അന്വേഷണ ഏജൻസികളും അന്വേഷണം നടത്തുകയാണ്. ഇന്ത്യയുടെ വിമാനവാഹിനികൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയുടെ പരിപാലനം, അറ്റകുറ്റപ്പണി, റീഫിറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്ന തസ്തികയാണ് ലീഡ് മെക്കാനിക്കിന്റെത്. ഐഎസ്ഐക്ക് വിവരങ്ങൾ ചോർത്തിയ മറ്റൊരാളെ ദിവസങ്ങൾക്കു മുൻപ് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.
അയാളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളാണ് അന്വേഷണ സംഘത്തെ ആദർശ് കുമാറിലേക്കെത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. ഏകദേശം ഒന്നര വർഷമായി ഇയാൾ പാക്കിസ്ഥാന് വേണ്ടി വിവരങ്ങൾ കൈമാറിയിരുന്നുവെന്നും ഐഎസ്ഐയുടെ ഹണി ട്രാപ്പിൽ ഇയാൾ കുടുങ്ങിയിരുന്നുവെന്നുമാണ് വിവരം. മൂന്ന് വർഷം മുൻപ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു യുവതിയെ ആദർശ് പരിചയപ്പെട്ടിരുന്നു. തുടർന്ന് സൗഹൃദം വളർന്നതോടെ ആ യുവതി ഇയാളിൽ നിന്ന് വിവരങ്ങൾ ചോദിച്ചു തുടങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. വിവരങ്ങൾ കൈമാറുന്നതിനായി ഇയാൾക്ക് പ്രതിഫലവും ലഭിച്ചിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും എടിഎസിന് ലഭിച്ചതായാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam