
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് കേരളത്തിൽ കനക്കുമ്പോൾ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ വന്ന കേസാണ് കേരളത്തിലെ പ്രധാന ചർച്ച. ആരോപണങ്ങൾ ഉണ്ടായ പശ്ചാത്തലത്തില്‍ രാഹുലിനെ കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുൽ സജീവമാകുന്നതിനിടെയാണ് യുവതി പരാതി നൽകിയത്. ഇതോടെ രാഹുൽ ഒളിവിൽ പോയി. രാഹുലിന്‍റെ അറസ്റ്റ് അടക്കം ഈ ആഴ്ച വലിയ രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതേസമയം, റഷ്യ - യുക്രൈൻ സമാധാനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ലോകം. ഒപ്പം മമ്മൂട്ടി- വിനായകൻ ചിത്രം 'കളങ്കാവൽ' ഡിസംബർ അഞ്ചിന് എത്തുന്നതോടെ തീയറ്ററുകളും ഉഷാറിലാകും. കായിക പ്രേമികൾക്ക് ശ്രദ്ധിക്കാൻ ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയുമുണ്ട്. ഈ ആഴ്ച എന്തെല്ലാം സംഭവിക്കുമെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.
പ്രധാനപ്പെട്ട വാർത്തകൾ
തദ്ദേശപ്പോരിന് ഒരുങ്ങി കേരളം
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളും വോട്ടര്‍ ലിസ്റ്റിലെ പേരും അടക്കമുള്ള വിവാദങ്ങളെല്ലാം ശമിച്ചതോടെ വീടുകയറിയുള്ള പ്രചരണവും സോഷ്യൽ മീഡിയ യുദ്ധവും എല്ലാം തകൃതിയായി നടക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ ആയതിനാല്‍ മുന്നണികൾ വിജയമെന്ന ഒറ്റ ലക്ഷ്യത്തിനായുള്ള കനത്ത മത്സരത്തിലാണ് ഉള്ളത്.
ഒളിവിലുള്ള രാഹുൽ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡന പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടെ രാഹുൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. കോടതി തീരുമാനം വരുന്നതിന് മുമ്പ് രാഹുലിനെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത് അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ ശബ്‍ദ പരിശോധന നടത്താനും തീരുമാനം ആയിട്ടുണ്ട്. പുറത്തുവന്ന സംഭാഷണം പരാതിക്കാരിയുടെതാണോ എന്ന് ഉറപ്പിക്കാനാണ് യുവതിയുടെ ശബ്‍ദ സാമ്പിൾ പരിശോധിക്കുക.
ആവേശമാകാൻ നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ
നാവികസേനാ ദിനമായ ഡിസംബർ 3ന് തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ നടക്കും. കേരളത്തിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾക്ക് തിരുവനന്തപുരം ശംഖുമുഖം വേദിയാകുകയാണ്. ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും ശംഖുമുഖത്തെ കടലിലും ആകാശത്തും കാണികൾക്ക് 'ഓപ്പറേഷൻ ഡെമോ' എന്ന ദൃശ്യ വിസ്മയമൊരുക്കും.
കായികം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് (നവംബര്‍ 30) റാഞ്ചിയില്‍ നടക്കും. ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് കൊണ്ട് തന്നെ ഏകദിന പരമ്പര ഇന്ത്യക്ക് നിര്‍ണായകമാണ്. ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ഏകദിനം ശനിയാഴ്ച്ച വിശാഖപട്ടണത്ത്.
സയ്യിദ് മുഷ്താഖ് അലി ടി20
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളം ഇന്ന് (നവംബര്‍ 30) ഇറങ്ങും. ലക്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ഛത്തീസ്ഗഢാണ് കേരളത്തിന്റെ എതിരാളി. സഞ്ജു സാംസണ്‍ നയിക്കുന്ന ടീം ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടു. ഈ ആഴ്ച്ചയില്‍ നാല് മത്സരങ്ങള്‍ കേരളം കളിക്കും.
ആഷസ്
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് വ്യാഴാഴ്ച്ച ബ്രിസ്‌ബേന്‍ വേദിയാകും. ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. രണ്ടാം ടെസ്റ്റിലും ഓസീസിനെ സ്റ്റീവന്‍ സ്മിത്താണ് നയിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് (നവംബര്‍ 30) ലണ്ടന്‍ ഡാര്‍ബി. ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആഴ്‌സണലിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 10നാണ് മത്സരം. ലീഗില്‍ ആഴ്‌സണല്‍ ഒന്നാമതും ചെല്‍സി രണ്ടാം സ്ഥാനത്തുമാണ്.
വിനോദ ലോകത്തെ വാർത്തകൾ
ശശി കപൂർ- ചരമ വാർഷികം ഡിസംബർ 4
ബോളിവുഡ് ഇതിഹാസ താരം ശശി കപൂറിന്റെ എട്ടാം ചരമ വാർഷികം. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശശി കപൂർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് ബുളിവുഡിലെ നായകനിരയില്‍ തിളങ്ങിയ ശശി കപൂറിനെ 2011ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 2014ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു. മുഹാഫിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശവും ലഭിച്ചു. 160ഓളം ചിത്രങ്ങളിൽ അഭിനയിച്ച ശശി കപൂർ ന്യൂഡൽഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായിരുന്നു. ദീവാർ, സത്യം ശിവം സുന്ദരം, തൃശൂൽ, കഭി കഭി തുടങ്ങിയ ഹിന്ദി ഹിറ്റു സിനിമകളിലൂടെ നായക സങ്കൽപത്തിന് പുതിയ നിർവചനം നൽകിയ നടനാണ് ശശി കപൂർ.
മോനിഷ- ചരമ വാർഷികം ഡിസംബർ 5
മലയാളത്തെ വിസ്മയിപ്പിച്ച നടി മോനിഷയുടെ മുപ്പത്തിമൂന്നാം ചരമ വാർഷികം. മരിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും വെള്ളിത്തിരയിൽ മായാത്ത മുദ്ര പതിപ്പിച്ച മോനിഷ ഇപ്പോഴും മലയാളത്തിന് തീരാനോവാണ്. മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞെന്നാണ് മോനിഷയെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചു കയറ്റിയ എംടി വിശേഷിപ്പിച്ചത്. പതിനാലാം വയസ്സിൽ അരങ്ങേറ്റചിത്രത്തിൽ തന്നെ ദേശീയ പുരസ്കാരം നേടി ഗുരുവിന്റെ വാക്കുകൾ അന്വർഥമാക്കുകയും ചെയ്തു. സിനിമയിൽ കത്തിജ്വലിച്ച ഏഴ് വർഷങ്ങളിൽ അഭിനയിച്ചത് 27 സിനിമകളിൽ. 1992 ഡിസംബര്‍ അഞ്ചിനു 'ചെപ്പടിവിദ്യ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ചിരുന്ന കാര്‍ ആലപ്പുഴയ്‍ക്കടുത്തുള്ള ചേര്‍ത്തലയില്‍ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മോനിഷ വിടപറഞ്ഞത്.
പുതിയ റിലീസുകൾ
മധുര കണക്ക്- ഡിസംബർ 4 റിലീസ്
ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുര കണക്ക്. ഡിസംബർ 4 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഹരിഷ് പേരടിയുടെ മകൻ വിഷ്ണു പേരടി, ഹരി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ എം മൂവീസ് എന്നീ ബാനറുകളില്‍ ഹരീഷ് പേരടി, നസീർ എൻ എം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ ശാന്തകുമാർ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവർ എഴുതിയ വരികൾക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്നു. ഹരിശങ്കർ, ജാസി ഗിഫ്റ്റ്, നിത്യ മാമ്മൻ എന്നിവരാണ് ഗായകർ.
മമ്മൂട്ടി- വിനായകൻ ചിത്രം 'കളങ്കാവൽ' ഡിസംബർ 5 റിലീസ്
മമ്മൂട്ടി, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം 'കളങ്കാവൽ' ഡിസംബർ 5 ന് തിയേറ്ററുകളിലെത്തും. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കളങ്കാവൽ'. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്.
ധീരം- ഡിസംബർ 5 റിലീസ്
ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ധീരം. റെമോ എന്റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ഡിസംബർ 5 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രണ്‍ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
പൊങ്കാല- ഡിസംബർ 5 റിലീസ്
2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ശ്രീനാഥ് ഭാസി നായകനായി എത്തുന്ന 'പൊങ്കാല'. ഡിസംബർ 5 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. യാമി സോനാ,
ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ഖജുരാഹോ ഡ്രീംസ് - ഡിസംബർ 5 റിലീസ്
അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുന്ന 'ഖജുരാഹോ ഡ്രീംസ്' ഡിസംബർ 5ന് തിയേറ്ററുകളിലെത്തും. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും സംഭവവികാസങ്ങളുമായി എത്തുന്നതാണ് ചിത്രമെന്നാണ് സൂചന. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്ന് നടക്കുന്ന ആകസ്മികമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.
ധുരന്ദർ- ഡിസംബർ 5 റിലീസ്
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ'. ചിത്രം 2025 ഡിസംബർ 5 ന് തിയറ്ററുകളില്‍ ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് നേരത്തെ പുറത്തുവിട്ടത് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച "ധുരന്ദർ" അദ്ദേഹവും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന, 'ധുരന്ദർ', അജ്ഞാതരായ പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള പറയപ്പെടാത്ത കഥ വെളിപ്പെടുത്തുന്നു.
ഡിസംബർ- 2, വിവോ എക്സ്300 സീരീസ് ലോഞ്ച്
ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ എക്സ്300 സീരീസ് ഡിസംബർ രണ്ടിന് ഇന്ത്യയിൽ അവതരിപ്പിക്കും. 200 എംപി ടെലിഫോട്ടോ ക്യാമറ, ഡൈമൻസിറ്റി 9500 ചിപ്സെറ്റ് എന്നിവ പ്രത്യേകത.
ഡിസംബർ- 4, റിയൽമി പി4എക്സ് 5ജി ലോഞ്ച്
റിയൽമി പി4എക്സ് 5ജി സ്മാർട്ട്ഫോൺ ഡിസംബർ നാലിന് ഇന്ത്യയിൽ പുറത്തിറക്കും. ഡൈമൻസിറ്റി 9400 ചിപ്സെറ്റിലായിരിക്കും ഫോണിന്റെ പ്രവർത്തനം. 7000 എംഎഎച്ച് ബാറ്ററി സഹിതം വരുന്ന ഫോണിൽ വാക്വം കൂളർ ചേംബർ സംവിധാനമുണ്ടാകും.