
ദില്ലി: കൊവിഡിനെതിരായ പോരാട്ടത്തിൽ ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമാണെന്ന് നീതി ആയോഗ് മുന്നറിയിപ്പ് നൽകി. ഇതോടെ ലോക്ക് ഡൗണോ മറ്റു നിയന്ത്രണങ്ങളോ അടുത്ത രണ്ടോ മൂന്നോ മാസത്തേക്ക് കൂടി നീണ്ടേക്കാനുള്ള സാധ്യതയും ചർച്ചയാവുകയാണ്. നീതി ആയോഗ് അംഗം വികെ പോളാണ് ഇക്കാര്യം പറഞ്ഞത്.
മാർച്ച് 24 മുതൽ ആറാഴ്ച രാജ്യം സമ്പൂർണ ലോക്ക് ഡൗണിലാണ്. ഇതിൽ ഏപ്രിൽ 20 മുതൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മെയ് മൂന്നിന് ശേഷം പ്രത്യേകിച്ചും കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചേക്കും ഈ ഇളവുകൾ രോഗവ്യാപനത്തിന് കാരണമാകുമോ എന്നാണ് നീതി ആയോഗ് ആശങ്കപ്പെടുന്നത്.
നിലവിൽ മറ്റു രാജ്യങ്ങളുമായി താരത്മ്യം ചെയ്യുമ്പോൾ കൊവിഡിനെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഇളവുകൾ പ്രഖ്യാപിച്ചാൽ ഈ പ്രതിരോധം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയാണ് വിദഗദ്ധർ പ്രകടിപ്പിക്കുന്നത്.
രാജ്യത്തെ ആകെയുള്ള ഇരുപതിനായിരത്തോളം കൊവിഡ് രോഗികളിൽ 13000-ത്തോളം പേർ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുളളവരാണ്. അതേസമയം കൊവിഡിനെ നേരിടാൻ കേന്ദ്രസർക്കാർ രണ്ടാം സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കും എന്നാണ് സൂചന. കഴിഞ്ഞ ദിവസം ധനമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയോടെ ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam