സഭയിൽ പോർവിളി, രാജേഷും രാജീവും ശിവൻകുട്ടിയും സതീശനും നേർക്കുനേർ; സ്വർണ്ണക്കൊള്ളയിലും ഫോട്ടോ വിവാദത്തിലും ഇന്നും പ്രക്ഷുബ്ധം, പ്രതിപക്ഷം ബഹിഷ്കരിച്ചു

Published : Feb 04, 2026, 09:32 AM ISTUpdated : Feb 04, 2026, 09:39 AM IST
NIYAMASABHA

Synopsis

ശബരമല സ്വർണ്ണക്കൊള്ള വിവാദത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രിമാരായ എം.ബി രാജേഷ്, പി. രാജീവ്, വി. ശിവൻകുട്ടി എന്നിവരും തമ്മിൽ ഫോട്ടോ വിവാദത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങളിലും രൂക്ഷമായ വാക്പോര് നടന്നു

ശബരമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ ചർച്ചകളാൽ ഇന്നും നിയമസഭയെ പ്രക്ഷുബ്ധം. സ്വർണ്ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയപ്പോൾ, മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ഭരണപക്ഷത്തിന് വേണ്ടി തിരിച്ചടിച്ചു. സഭയിലെ സംഘർഷങ്ങൾ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സതീശൻ തുടങ്ങിയത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മർദ്ദിച്ചെന്ന ആരോപണം സതീശൻ നിഷേധിച്ചു. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഡയസിൽ കയറി ഹൈജംപ് നടത്തുന്ന പ്രതിപക്ഷത്തിന് ആ കായിക ഇനത്തിൽ നല്ല ഭാവി ഉണ്ടെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പരിഹാസം.

പോറ്റിയുടെ ഫോട്ടോ തന്നെ ആയുധം

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ ഗാന്ധി നിൽക്കുന്ന ഫോട്ടോ ഇന്നും ഭരണപക്ഷം ആയുധമാക്കി. സ്വർണ്ണം കട്ടവർക്ക് സോണിയ ഗാന്ധിയെ കാണാൻ അവസരം ഒരുക്കിയത് ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. എന്നാൽ, പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിൽക്കുന്ന ഫോട്ടോ തങ്ങളുടെ പക്കലുണ്ടെന്നും അതിന്റെ പേരിൽ മുഖ്യമന്ത്രിയെ തങ്ങൾ അധിക്ഷേപിച്ചിട്ടില്ലെന്നും സതീശൻ തിരിച്ചടിച്ചു. ഡയസിൽ കയറി കസേര വലിച്ചെറിഞ്ഞ ചരിത്രമുള്ളവർ കൂടെയിരിക്കുമ്പോഴാണ് തങ്ങൾക്കെതിരെ ഇരട്ടത്താപ്പ് ആരോപിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മന്ത്രി ശിവൻകുട്ടിയെ ചൂണ്ടിയായിരുന്നു സതീശന്‍റെ പരാമർശം. ഇന്നലെ ഭരണനിരയിൽ നിന്ന് ആരും സോണിയയേയും പ്രിയങ്കയേയും അധിക്ഷേപിച്ചിട്ടില്ലെന്നും ആരും മോശം വാക്ക് പറയുന്നവരല്ലെന്നുമായിരുന്നു എം ബി രാജേഷിന്‍റെ മറുപടി. ആരാണ് പോറ്റിയെ സോണിയക്ക് അടുത്തെത്തിച്ചത് എന്ന് കോൺഗീസ് നേതൃത്വം വ്യക്തമാക്കിയാൽ സോണിയക്ക് പത്തരമാറ്റ് തിളക്കമുണ്ടാകുമെന്ന് പി രാജീവൂം പറഞ്ഞു. ഞാൻ, ഞാൻ, ഞാൻ, എന്ന താത്പര്യത്തിന് പ്രതിപക്ഷ നേതാവ് അടിപ്പെട്ടുപോയെന്നും രാജീവ് കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിന് പൊതു താൽപര്യം ഇല്ലെന്നും വ്യക്തി താൽപര്യം മാത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് ചർച്ച നീങ്ങിയതോടെ സഭയിൽ ബഹളം വർദ്ധിച്ചു. വി ഡി സതീശൻ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയ ആളാണെന്നും അനുരാഗ് ഠാക്കൂറിനെ കെട്ടിപ്പിടിച്ച ആളാണെന്നും എം ബി രാജേഷ് തിരിച്ചടിച്ചു. രാഹുൽ ഗാന്ധി മോദിയെ കെട്ടിപ്പിടിച്ച കാര്യമടക്കം രാജേഷ് ചൂണ്ടിക്കാട്ടി. അനുരാഗ് ഠാക്കൂറിനെ കെട്ടിപ്പിടിച്ച ആളാണ് എം ബി രാജേഷ് എന്നായി സതീശൻ. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നിൽക്കുന്ന ഫോട്ടോ ഇല്ലേ എന്നും ചോദിച്ചു. എന്ത് കൊണ്ട് പോറ്റി മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോയെക്കുറിച്ച് രാജീവ് പറയുന്നില്ലെന്നും സതീശൻ ആരാഞ്ഞു. ആ ഫോട്ടോയുടെ പേരിൽഞങ്ങൾ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിവരിച്ചു.

പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും പൊതുവേദിയിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പരാതിപ്പെട്ടു. സഭയിലെ സമരം കനഗോലു പ്ലാൻ ചെയ്തതെന്നും ശിവൻ കുട്ടി പറഞ്ഞു. കനഗോലുവിന്റെ അഭിപ്രായം ആണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇന്നലെ ചെയ്തതെല്ലാം ഇന്ന് മാറ്റി പറയുന്നു. എല്ലാ തോന്നിവാസങ്ങളെയും ന്യായീകരിക്കുന്ന വ്യക്തിയായി വി ഡി സതീശൻ മാറി. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാൻ പഠിക്കുന്നു. മൂന്നാം പിണറായി സർക്കാർ വരുമെന്നും വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പല കാര്യങ്ങളും പറഞ്ഞാൽ പ്രതിപക്ഷം മുണ്ട് തലയിലിട്ട് ഇറങിപ്പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ ബജറ്റ് സെഷനാണെന്ന് മറക്കരുതെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി കെ എൻ ബാലഗോപാലും രംഗത്തെത്തി. കേരളത്തെ ബാധിക്കുന്ന വിഷയത്തെ കുറിച്ച് ചർച്ച ഇല്ലെന്ന് പറഞ്ഞ അദ്ദേഹം, ബെല്ലാരിയിൽ നിന്നുള്ള സ്വർണ്ണ വ്യാപാരിക്കൊപ്പം എങ്ങനെയാണ് പോറ്റി സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിയതെന്ന ചോദ്യവും ഉയർത്തി. പ്രതിഷേധത്തിനും ബഹളത്തിനും ഒടുവിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

15 ദിവസത്തിനിടെ എത്തിയത് 10 ലക്ഷം ഭക്തർ, നാ​ഗസന്യാസിമാരുമെത്തി, ഇനി 2028ൽ തിരുനാവായയിലെ കുംഭമേള അവസാനിച്ചു
ജയിപ്പിച്ച് വിട്ട എംഎൽഎയുടെ പെർഫോമൻസ് എങ്ങനെയുണ്ട്, റിപ്പോർട്ട് കാർഡ് നോക്കാം; ശ്രദ്ധേയമായി എംഎൽഎ ട്രാക്ക് വെബ്‌സൈറ്റ്