ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

Published : Jul 28, 2026, 10:19 AM ISTUpdated : Jul 28, 2026, 11:50 AM IST
rameshan paleri

Synopsis

മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃനിരയിലുള്ള വ്യക്തിയായിരുന്നു രമേശൻ പാലേരി. 1995 മുതൽ‌ ഊരാളുങ്കൽ‌ സൊസൈറ്റി ചെയർമാനാണ്. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്.

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെയാണ് മരണം. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്കു 2 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതു ദർശനത്തിനു ശേഷം വടകരയിലേക്ക് കൊണ്ടുപോകും. ഒരു ചെറിയ ഗ്രാമീണ സൊസൈറ്റിയെ രാജ്യത്തെ തന്നെ ഒന്നാം നിര അടിസ്ഥാന വികസന സ്ഥാപനമാക്കി മാറ്റിയതിൽ പ്രധാന പങ്കു വഹിച്ചയാളാണ് വടകര മടപ്പള്ളി സ്വദേശിയായ രമേശൻ പാലേരി.

മൂന്നു പതിറ്റാണ്ട് മുമ്പ് വരെ ഒരു ഗ്രാമീണ മേഖലയിലെ സാധാരണ നിർമ്മാണ സ്ഥാപനം മാത്രമായിരുന്നു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി. എന്നാൽ പാലേരി രമേശൻ സൊസൈറ്റിയുടെ ചുമതല ഏറ്റെടുത്തതോടെ പിന്നീട് കണ്ടത് അത്ഭുതകരമായ വളർച്ചയാണ്. തൊഴിലാളികൾക്ക് പി എഫ് മികച്ച കൂലിയും മാസശമ്പളവും അടക്കം നൽകി അവരെ അന്തസ്സുള്ള തൊഴിലെടത്തിലേക്ക് വരവേറ്റത് രമേശൻ പാലേരിയുടെ ആദ്യ പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു. ചെറിയ ഗ്രാമീണ റോഡുകൾ മാത്രം ചെയ്തിരുന്ന സൊസൈറ്റി സംസ്ഥാനപാതകളും ദേശീയപാതകളും നിർമ്മിക്കുന്ന രീതിയിലേക്ക് വളർന്നു. മലേഷ്യൻ സാങ്കേതികവിദ്യയും യൂറോപ്യൻ അടിസ്ഥാന സൗകര്യങ്ങളും മാതൃകയാക്കി നമ്മുടെ റോഡുകളിൽ അത് നടപ്പിലാക്കാൻ ശ്രമിച്ചത് രമേശൻ പാലേരിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു.

വടകരയിലെ ക്രാഫ്റ്റ് വില്ലേജും തിരുവനന്തപുരത്തെ വേളി ടൂറിസം കേന്ദ്രവും അടക്കം ടൂറിസം രംഗത്തും മികച്ച നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. ദേശീയപാത അതോറിറ്റിയുടെ സംസ്ഥാനത്ത് ഏറ്റവുമധികം പൂർത്തിയായ മേഖല ഊരാളങ്കൽ നിർമ്മാണം ഏറ്റെടുത്ത കാസർഗോഡ് ഘട്ടമായിരുന്നു. പുതിയ സാങ്കേതിക വിദ്യകളും നിർമ്മാണ രീതികളും സ്വായത്തമാക്കി കേരളത്തിൽ അത് പരിചയപ്പെടുത്താൻ രമേശൻ ശ്രമിച്ചു. സൊസൈറ്റിയെ നിർമ്മാണ രംഗത്ത് നിന്ന് ഐടി രംഗത്തേക്ക് എത്തിച്ചു. കോഴിക്കോട്ടെ സ്വന്തമായി ഐടി പാർക്ക് സ്ഥാപിച്ചതിനു പുറമേ സംസ്ഥാന സർക്കാരിന്റെ വിവരസാങ്കേതിക മേഖലയിലും പങ്കാളികളായി. നിർമ്മാണ സാമഗ്രികളുടെ മേന്മ ഉറപ്പുവരുത്താനായി പ്രത്യേക ലാബ് സ്ഥാപിച്ചതും സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു.

ലക്ഷങ്ങൾ മാത്രം വാർഷിക വരവ് ഉണ്ടായിരുന്ന ഒരു സ്ഥാപനത്തെ ആയിരക്കണക്കിന് കോടികളുടെ നിർമ്മാണ പ്രവർത്തനം നടത്തുന്ന വലിയ സ്ഥാപനമാക്കി വളർത്തിയത് രമേശൻ പാലേരിയുടെ വീക്ഷണമായിരുന്നു. നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. സ്ഥാപനത്തെ മുന്നോട്ടു നയിക്കുമ്പോഴും വ്യക്തിപരമായ പ്രതിച്ഛായ ഉണ്ടാക്കാൻ ശ്രമിക്കാതെ മാറി നടന്ന ഒരു ലീഡർ കൂടിയായിരുന്നു രമേശൻ പാലേരി. സംസ്ഥാന അടിസ്ഥാന വികസന രംഗത്ത് വലിയ സംഭാവനകൾ നൽകിയ എണ്ണം പറഞ്ഞ സഹകാരിയാണ് വിട പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്; മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിൻ്റെ പരാതിയിൽ നടപടി
സൈക്കിൾ തിരികെ നൽകിയാൽ മോഷ്ടാവിന് 5 ലക്ഷം രൂപ, മാനസാന്തരപ്പെട്ടാൽ ജോലിയും വാ​ഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂർ; പ്രാർത്ഥനയുമായി പ്രകാശേട്ടൻ‌