
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിക്ക് നൽകിയത് 6511 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ എന്ന് ഔദ്യോഗിക രേഖ. ടെണ്ടറില്ലാതെ 3613 കോടി രൂപയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റി ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ പൊതുമേഖല പ്രവര്‍ത്തികൾ സമയബന്ധിതമായി തീര്‍ക്കാനെന്ന പേരിൽ മറ്റ് സഹകരണ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടിയ പലിശക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കാനുള്ള പ്രത്യേക അനുമതിയും ഊരാളുങ്കലിന് നൽകിയിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലം തൊട്ട് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ ഊരാളുങ്കൽ ലേബര്‍ സൊസൈറ്റി 4681 സര്‍ക്കാര്‍ പ്രവര്‍ത്തികൾ ഏറ്റെടുത്തിട്ടുണ്ട്. എല്ലാറ്റിനും ചേര്‍ത്ത് 6511.70 കോടി രൂപ ചെലവു വരുമെന്നാണ് നിമസഭാ രേഖ.
ഇതിൽ തന്നെ 3613 കോടി രൂപയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഊരാളുങ്കൽ നടപ്പാക്കുന്നത് ടെണ്ടറില്ലാതെയാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഇനം തിരിച്ചുള്ള കണക്ക് പുറത്ത് വരുന്നത്. മറ്റ് സഹകരണ സംഘങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കൂടിയ പലിശ നിരക്കിൽ നിക്ഷേപം സ്വീകരിക്കാനും ഊരാളുങ്കലിന് സര്‍ക്കാര്‍ അനുമതി നൽകിയിട്ടുണ്ട്.
Read More... ഡിപിആർ പുറത്ത് വിടുന്നില്ല! വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിയിൽ ഒളിച്ചുകളി; ആശങ്കയിൽ കുടുംബങ്ങൾ
മറ്റ് സഹകരണ സംഘങ്ങൾ നൽകുന്നതിനേക്കാൾ ഒരു ശതമാനം പലിശ കൂട്ടി നിക്ഷേപം സ്വീകരിക്കാനാണ് അനുമതി. ഇതനുസരിച്ച് ഒരു വര്‍ഷത്തിൽ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എട്ടര ശതമാനവും മുതിര്‍ന്ന പൗരൻമാര്‍ക്ക് ഒമ്പത് ശതമാനവും പലിശ നൽകുന്നുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുന്നതിന് എന്ന പേരിലാണ് സര്‍ക്കാര്‍ നടപടി. 21- 22 കാലയളവിൽ മാത്രം ഊരാളുങ്കലിന്‍റെ സ്ഥിര നിക്ഷേപത്തിൽ 614.73 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് 2015.14 കോടി രൂപയും 2023 ൽ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് 225.37 കോടി രൂപയുമാണ് ഊരാളുങ്കലിന്‍റെ സ്ഥിര നിക്ഷേപം.