
പാലക്കാട്: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രകോപനവുമില്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് അന്താരാഷ്ട്ര മര്യാദകൾക്ക് നിരക്കാത്തതാണെന്നും കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന വന്യമൃഗ നീതിയാണ് ഇവിടെ നടപ്പാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇറാന്റെ എണ്ണയും പ്രകൃതിവാതകവും കൈക്കലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഒരു രാജ്യത്തിന്‍റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിന് യാതൊരു ന്യായീകരണവുമില്ലെന്നും പിണറായി പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന അമേരിക്കയാണ് അധിനിവേശങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എ കെ ബാലന്റെ 'പക്ഷം മറുപക്ഷം' എന്ന പുസ്തക പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുദ്ധം മൂലം പശ്ചിമേഷ്യയിലെ പ്രവാസികൾ വലിയ ആശങ്കയിലാണെന്നും ഓരോ നിമിഷവും തീ തിന്നാണ് അവർ കഴിയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വലിയ ചരിത്രമുള്ള രാജ്യമായ ഇറാനെ തകർക്കാൻ ശ്രമിക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കായി ഒരു ജനതയെ മുഴുവൻ ദുരിതത്തിലാക്കുന്ന നിലപാടാണ് അമേരിക്കയുടേത്. യുദ്ധക്കൊതി മൂലം ലോകസമാധാനം തകരുന്ന അവസ്ഥയാണെന്നും മാനവികതയ്ക്ക് നിരക്കാത്ത ഇത്തരം നീക്കങ്ങളെ ലോകം ഒന്നിച്ച് എതിർക്കണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു. നയതന്ത്ര മര്യാദകൾ ലംഘിച്ച് നടത്തുന്ന ഈ കടന്നാക്രമണം ജനാധിപത്യ ലോകത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam