മത്സ്യ കയറ്റുമതിയെ പ്രതിസന്ധിയിലാക്കും, നഷ്ടം കോടികൾ; കുരുക്കായി അമേരിക്കയുടെ സസ്തനി സംരക്ഷണ നിയമം

Published : Sep 12, 2024, 04:12 PM IST
മത്സ്യ കയറ്റുമതിയെ പ്രതിസന്ധിയിലാക്കും, നഷ്ടം കോടികൾ; കുരുക്കായി അമേരിക്കയുടെ സസ്തനി സംരക്ഷണ നിയമം

Synopsis

അമേരിക്ക അടിച്ചേൽപിക്കുന്ന നിയന്ത്രണങ്ങൾക്കുള്ളിൽ പതുങ്ങാതെ സ്വന്തമായി വഴി വെട്ടണമെന്ന അഭിപ്രായമാണ് പല വിദഗ്ധർക്കുമുള്ളത്. കടൽ ചെമ്മീന് അഞ്ചു വർഷമായി വിലക്കുണ്ടെങ്കിലും ട്യൂണ, തിലാപ്പിയ, ഞണ്ട്, കൊഞ്ച്, നീരാളി, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ വലിയ തോതിൽ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ വരുമാനവുമുണ്ട്.

കൊച്ചി:കടലാമ സംരക്ഷണത്തിനുള്ള കടുത്ത നിലപാടിന് പിന്നാലെ സസ്തനി സംരക്ഷണനിയമം കർശനമായി നടപ്പാക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. മത്സ്യബന്ധനം സസ്തനികൾക്ക് ഭീഷണിയല്ലെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖല വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും.

1972ൽ നിലവിൽ വന്ന മറൈൻ മാമൽ പ്രൊട്ടക്ഷൻ ആക്ട് അഥവാ സമുദ്ര സസ്തനി സംരക്ഷണ നിയമം 2026 മുതൽ കർശനമായി നടപ്പാക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. അമേരിക്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ നിയമ പ്രകാരമുള്ള പ്രതിരോധ നിയന്ത്രണ നടപടികൾ കർശനമായും നടപ്പാക്കണമെന്നാണ് അതിനർത്ഥം. അതിന് മുൻപായി ഇന്ത്യയിലെ കടൽ സസ്തനികളുടെ വിവര ശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവയ്ക്കു ഭീഷണിയാകില്ലെന്നു സ്ഥാപിക്കാൻ കഴിയണം. അതുകൊണ്ടാണ് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി അഥവാ എംപിഇഡിഎയുടെ നിർദേശമനുസരിച്ച് ഫിഷറീസ് സർവേ ഓഫ് ഇന്ത്യയും സെൻട്രൽ മറൈൻ ഫിൽറീസ് റിസർച്ച് ഇൻസ്റ്റിര്റ്യൂട്ടും സർവേ നടപടികൾ തുടങ്ങിയത്. 

ഇന്ത്യയിൽ 32 ഇനം കടൽ സസ്തനികളുണ്ടെന്നാണ് സിഎംഎഫ്ആർഐ വിലയിരുത്തിയത്. അതിൽ 18 എണ്ണത്തേയും വിശദമായി പഠന വിധേയമാക്കി. അനുവദനീയ പരിധിയിലും കുറവ്, 0.1ശതമാനം മാത്രമാണ് വലയിൽ കയറുന്നതെന്നാണ് സിഎംഎഫ്ആർഐയുടെ പ്രാഥമിക റിപ്പോർട്ട്. ബാക്കിയുള്ള ഇനങ്ങളുടെ പഠനം ഇക്കൊല്ലം നവംബർ 30ന് മുൻപാണ് തീർക്കേണ്ടത്. ഇന്ത്യയിലെ കടലുകളിൽ കാണുന്ന എല്ലായിനം കടൽ സസ്തനികളും 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പട്ടികയിലാണ് എന്നിരിക്കെ ഇത്തരം കാര്യങ്ങളിൽ അമേരിക്ക എന്തിന് ഇടപെടുന്നുവെന്ന ചോദ്യമാണ് മേഖലയിലുള്ളവർ ചോദിക്കുന്നത്.

അമേരിക്ക അടിച്ചേൽപിക്കുന്ന നിയന്ത്രണങ്ങൾക്കുള്ളിൽ പതുങ്ങാതെ സ്വന്തമായി വഴി വെട്ടണമെന്ന അഭിപ്രായമാണ് പല വിദഗ്ധർക്കുമുള്ളത്. കടൽ ചെമ്മീന് അഞ്ചു വർഷമായി വിലക്കുണ്ടെങ്കിലും ട്യൂണ, തിലാപ്പിയ, ഞണ്ട്, കൊഞ്ച്, നീരാളി, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ വലിയ തോതിൽ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ വരുമാനവുമുണ്ട്. ചെമ്മീന് പിന്നാലെ ഇവയ്ക്കും എന്തെങ്കിലും തരത്തിൽ വിലക്ക് വരുന്നത് സമുദ്രോത്പന്ന കയറ്റുമതി മേഖലക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ തലത്തിലുള്ള ഇടപെടൽ അനിവാര്യമാണ്.

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സിഎംഎഫ്ആർഐ; കാൻസർ ഗവേഷണങ്ങൾക്ക് സഹായകരമാകും

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ