Asianet News MalayalamAsianet News Malayalam

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സിഎംഎഫ്ആർഐ; കാൻസർ ഗവേഷണങ്ങൾക്ക് സഹായകരമാകും

കാൻസർ പ്രതിരോധ ശേഷിയുള്ളത് ഉൾപ്പെടെ കല്ലുമ്മക്കായയിലെ മൊത്തം 49,654 പ്രോട്ടീൻ കോഡിംഗ് ജീനുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.  

Blue Mussel Genetic Secrets 49,654 Protein Coding Genes Including Cancer Resisting Genes Unlocked by CMFRI Crucial for Cancer Research
Author
First Published Sep 12, 2024, 12:55 PM IST | Last Updated Sep 12, 2024, 1:13 PM IST

കൊച്ചി: കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).  ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. കല്ലുമ്മക്കായയുടെ കൃഷിയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് കണ്ടെത്തൽ. ജലാശയ മലിനീകരണം എളുപ്പത്തിൽ മനസ്സിലാക്കാനും ഭാവിയിൽ കാൻസർ ഗവേഷണങ്ങളെ സഹായിക്കാനും നേട്ടം ഉപകരിക്കുമെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. 

ജലകൃഷി രംഗത്ത് ഏറെ വാണിജ്യ പ്രാധാന്യമുള്ളതാണ് കല്ലുമ്മക്കായ കൃഷി. അവയുടെ വളർച്ച, പ്രത്യുൽപാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതക വിവരങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയത്. രോഗ പ്രതിരോധ ശേഷിയുള്ളതും ഉൽപാദന ക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഇത് സഹായിക്കും. കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉൽപാദനം ഗണ്യമായി കൂട്ടുന്നതിന് ഇത് വഴിതുറക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. സാധാരണയായി വ്യാപകമായി കാണപ്പെടുന്ന പരാദ രോഗങ്ങളാണ് നിലവിൽ കല്ലുമ്മക്കായ കൃഷിക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്. എന്നാൽ ജീനും ജനിതക ഘടനയും വിശദമായി മനസ്സിലാക്കുന്നതിലൂടെ ഇവയെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഗവേഷകർ കരുതുന്നു.

സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ സന്ധ്യ സുകുമാരന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ജനിതക ശ്രേണീകരണം നടത്തിയത്. കാൻസറുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ഉപകരിക്കുന്ന ഒരു പുതിയ മാതൃക ജീവിവർഗമായി കല്ലുമ്മക്കായയെ പ്രയോജനപ്പെടുത്താനുള്ള സാധ്യതകൾ തുറന്നിടുന്നതാണ് ഈ പഠനമെന്ന് ഡോ സന്ധ്യ സുകുമാരൻ പറഞ്ഞു. കാൻസറുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് വെളിച്ചം നൽകാനും പുതിയ സങ്കേതകങ്ങൾ വികസിപ്പിക്കാനും കല്ലുമ്മക്കായയുടെ ജനിതക വിവരങ്ങൾ പ്രയോജനപ്പെടും. കാൻസർ പ്രതിരോധ ശേഷിയുള്ളത് ഉൾപ്പെടെ കല്ലുമ്മക്കായയിലെ മൊത്തം 49,654 പ്രോട്ടീൻ കോഡിംഗ് ജീനുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.  

കായലുകളിലും കടലിലും ജൈവനിരീക്ഷണത്തിന് ശേഷിയുള്ളതാണ് കല്ലുമ്മക്കായ. വലിയ അളവിൽ ലോഹങ്ങളും മറ്റ് പാരിസ്ഥിതിക മലിനീകരണങ്ങളും തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിവുണ്ട്. ഇതുമായി ബന്ധപ്പെട്ട ജീനുകളെ തിരിച്ചറിയുന്നതിലൂടെ ജലാശയ പാരിസ്ഥിതിക നിരീക്ഷണം കൂടുതൽ കൃത്യവും ഫലപ്രദവുമാകും. ജനിതക വിവരങ്ങളുടെ സഹായത്തോടെ വികസിപ്പിക്കുന്ന ജനിതക മാർക്കറുകൾ കൊണ്ട് ഇത്തരത്തിൽ മലിനീകരണങ്ങൾ മനസ്സിലാക്കാനാകുമെന്ന് സിഎംഎഫ്ആര്ഐയിലെ ഗവേഷകർ പറഞ്ഞു. വെള്ളത്തിലെ പിഎച്ച്, താപനില, ലവണാംശം തുടങ്ങിയവയോട് വളരെവേഗം പൊരുത്തപ്പെടുന്ന ജീവിയാണ് കല്ലുമ്മക്കായ. ജീനോം ഡീകോഡിംഗ് വഴി ജലമലിനീകരണവും വെള്ളത്തിലെ മാറ്റവും പെട്ടെന്ന് മനസ്സിലാക്കാനുള്ള അവസരം കൈവരും.

നേച്ചർ ഗ്രൂപ്പിന്റെ സയന്റിഫിക് ഡാറ്റ ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. ഡോ എ ഗോപാലകൃഷ്ണൻ, വി ജി വൈശാഖ്, ഡോ വിൽസൺ സെബാസ്റ്റ്യൻ, ഡോ ലളിത ഹരി ധരണി, ഡോ അഖിലേഷ് പാണ്ഡെ, ഡോ അഭിഷേക് കുമാർ, ഡോ ജെ കെ ജെന എന്നിവരും ഗവേഷണത്തിൽ പങ്കാളികളായി. കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്‍റെ (ഡിബിടി) സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. നേരത്തെ മത്തിയുടെ ജനിതകഘടനയും സിഎംഎഫ്ആർഐ കണ്ടെത്തിയിരുന്നു.

എട്ടടി നീളം, ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിക്കുള്ളിൽ ചുരുണ്ടുകിടക്കുന്നു! പേടിച്ചോടി ജീവനക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios