
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് കെസി വേണുഗോപാൽ എംപി. ദുരവസ്ഥ നേരിട്ട ഉഷയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. കെസി വേണുഗോപാൽ എംപി ഇടപെട്ടാണ് ഉഷയെ കൊച്ചിയിലേക്ക് മാറ്റിയത്. ഉഷയുടെ ദുരവസ്ഥയറിഞ്ഞ് കെസി വേണുഗോപാൽ കുടുംബവുമായി സംസാരിച്ചിരുന്നു. പിന്നാലെ ആംബുലൻസ് അയച്ച് ഉഷയ്ക്ക് തുടർ ചികിത്സക്ക് അമൃത ആശുപത്രിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. അമൃതയിലെത്തിച്ച ഉഷയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ എത്തി പരിശോധിച്ചതിന് ശേഷം തുടർചികിത്സ തീരുമാനിക്കും.
ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ തന്നെ ചെയ്യുമെന്ന് രോഗിക്കൊപ്പം ആശുപത്രിയിൽ എത്തിയ കോൺഗ്രസ് നേതാവ് എം ലിജു വ്യക്തമാക്കി. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഉഷ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.
വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാൻ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.
അതിനിടെ വിവരമറിഞ്ഞ് ഉഷയുടെ വീട്ടിൽ എച്ച് സലാം എംഎൽഎയെത്തി. സംഭവിച്ചത് ചെറിയ തെറ്റല്ലെന്നും ഡോക്ടർമാർക്ക് ഗുരുതര പിഴവ് സഭവിച്ചെന്നും എംഎൽഎ പറഞ്ഞു. വിവരം ആരോഗ്യ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശസ്ത്രക്രിയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറെയും തിരിച്ചറിഞ്ഞു. സംഭവത്തിൽ കർശന നടപടി വേണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. അന്വേഷണത്തിന് വിദഗ്ദ സമിതി വേണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞ സംഭവവും അന്വേഷിക്കണം കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും തുടർ ചികിത്സ കുടുംബം പറയുന്ന ആശുപത്രിയിൽ നടത്തുമെന്നും എച്ച് സലാം എംഎൽഎ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam